തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പിനിടെ ജില്ലാകലോത്സവം നടത്തുന്നതില്‍ സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കലോത്സവം മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തം. തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടെ നടത്തുന്നതിനാല്‍ കലോത്സവത്തിന്റെ ശോഭകെടും എന്നും മാധ്യമശ്രദ്ധ കുറയുമെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂളധികൃതരും ഒരുപോലെ അഭിപ്രായപ്പെടുന്നു.
നാടാകെ തെരഞ്ഞെടുപ്പ് ചൂടിലായതിനാല്‍ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളും കുട്ടികള്‍ക്ക് സൗകര്യമൊരുക്കുന്നതും വെല്ലുവിളിയാണ്. തദ്ദേശ സ്ഥാപന ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് കലോത്സവം വിജയിപ്പിക്കാറുള്ളത്. സബ്കമ്മിറ്റി ചെയര്‍മാന്‍മാരായി വരാറുള്ള രാഷ്‌ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളുമെല്ലാം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്.
കലോത്സവത്തിലെ പല മത്സരാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലാണ്. ഇതില്‍ ചിലര്‍ സ്ഥാനാര്‍ത്ഥികളുമാണ്. പ്രാദേശിക ജനപ്രതിനിധികള്‍ വിട്ടുനില്‍ക്കുന്നത് കുട്ടികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പാടാക്കുന്നതിലും ഭക്ഷണ സൗകര്യമൊരുക്കുന്നതിലും ഉള്‍പ്പെടെ കലോത്സവ നടത്തിപ്പിന് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടായേക്കുമെന്നാണ് സംഘാടകരുടെ ആശങ്ക. അതിനാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാകലോത്സവം മാറ്റിവയ്‌ക്കണമെന്നാണ് ഉയരുന്ന ആവശ്യം.
















