കണ്ണൂര്‍: സേലം മേട്ടൂരില്‍ താമസിക്കുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ പത്മരാജന് ഇത് 251-ാമത്തെ പത്രികാ സമര്‍പ്പണം. കുഞ്ഞിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കഴിഞ്ഞദിവസം പത്രിക നല്‍കിയത്. രാഷ്‌ട്രപതിക്കെതിരേയും ഉപരാഷ്‌ട്രപതിക്കെതിരേയും മത്സരിക്കാന്‍ പത്രിക നല്‍കിയ ചരിത്രമുള്ള പത്മരാജന്‍ 1988 മുതല്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് മത്സരം 65-ാമത്തെ വയസിലും തുടരുകയാണ്.
പഞ്ചായത്ത് വാര്‍ഡിലും, നിയമസഭാ-പാര്‍ലമെന്റ് മണ്ഡലങ്ങളിലുമെല്ലാം മത്സരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതിനുള്ള ഗിന്നസ് റിക്കാര്‍ഡ് തനിക്കാണെന്നു പറയുന്നു പത്മരാജന്‍. തമിഴ്നാട്ടിലടക്കം 175 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, തോറ്റു. കെട്ടിവെച്ച കാശും കളഞ്ഞിട്ടുണ്ട്. സേലം മേട്ടൂരില്‍ ടയര്‍ റീസോളിങ് സ്ഥാപനം നടത്തുകയാണ്. അതുകൊണ്ടു തന്നെ ഇഷ്ട ചിഹ്നം ടയറാണ്.
ജനിച്ചതും വളര്‍ന്നതുമെല്ലാം സേലത്താണ്. മാതാപിതാക്കളുടെ നാടാണ് കുഞ്ഞിമംഗലം. ഇവിടെ വോട്ടര്‍ അല്ലാത്തതിനാല്‍ പത്രിക തള്ളുമെന്ന് ഉറപ്പാണ്. കുഞ്ഞിമംഗലവുമായുള്ള ബന്ധമാണ് പത്രിക സമര്‍പ്പിക്കാനുള്ള കാരണമെന്ന് പദ്മരാജന്‍ പറയുന്നു. വോട്ടര്‍ പട്ടികകളില്‍ പേരില്ലാത്തതിനാല്‍ തള്ളുമെന്നുറപ്പിച്ചായിരുന്നു കേരളത്തിലുള്ള പത്രികാ സമര്‍പ്പണങ്ങള്‍. ലിംക ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്‌സ്, ദല്‍ഹി ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയവയിലും ഇടം നേടിയിട്ടുണ്ട്.
















