ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടന കേസില്‍ അന്വേഷണം ശക്തമാകുന്നതിനിടെ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് ഇയാളെ പിടിയിലാക്കിയത്. സര്‍വകലാശാലയില്‍ നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് ഇഡിയുടെ നടപടി.
ജാവേദ് അഹമ്മദ് സിദ്ദീഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദീഖിയെയും മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 25 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന നിക്ഷേപ തട്ടിപ്പ് കേസുകളാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന തെളിവുകള്‍. ഏകദേശം 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലായാണ് ഇയാളെ പിടികൂടിയത്.
ദില്ലിയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ചാവേറായ ഡോ. ഉമര്‍ നബിയുടെയും ഫരീദാബാദില്‍ അറസ്റ്റിലായ മുസമ്മിലിന്റെയും അല്‍ ഫലാഹ് സര്‍വകലാശാലയിലെ മുറികളില്‍നിന്ന് പിടിച്ചെടുത്ത ഡയറിയില്‍ വിപുലമായ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്തിരുന്നതായി പുറത്തുവന്നിരുന്നു. അതോടെ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളും മേല്‍നോട്ട സംവിധാനവും അന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അല്‍ ഫലാഹ് സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍, അവിടുത്തെ ചില ഡോക്ടര്‍മാരുടെ ഇടപെടലുകള്‍, വിദേശ നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയെക്കുറിച്ച് വിവിധ കേന്ദ്ര ഏജന്‍സികള്‍ ഇപ്പോള്‍ സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. ജാവേദ് സിദ്ദീഖിയുടെ അറസ്‌റ്റോടെ കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍
നിക്ഷേപത്തില്‍ 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്ന് പണം ശേഖരിച്ച ശേഷം മൂന്നാം വര്‍ഷം കുടുംബത്തോടൊപ്പം ഒളിവില്‍ പോകുകയായിരുന്നു ജാവേദ് അഹമ്മദ് ഹമൂദ്. ഇയാളെ പിടികൂടാന്‍ 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
















