ന്യൂദല്‍ഹി: 2028 ല്‍ ചന്ദ്രയാന്‍-4 വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍. ദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകളും മറ്റും ശേഖരിച്ച് തിരികെ വരുന്ന സങ്കീര്‍ണ ദൗത്യത്തിനാണ് ഇത്തവണ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊപല്‍ഷന്‍ മൊഡ്യൂള്‍, ഡിസെന്‍ഡര്‍ മൊഡ്യൂള്‍, അസെന്‍ഡര്‍ മൊഡ്യൂള്‍, ട്രാന്‍സ്ഫര്‍ മൊഡ്യൂള്‍, റീഎന്‍ട്രി മൊഡ്യൂള്‍, എന്നിങ്ങനെ അഞ്ച് മൊഡ്യൂളുകള്‍ അടങ്ങിയ ചന്ദ്രയാന്‍-4 ദൗത്യം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. അതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ലാന്‍ഡറും അസെന്‍ഡര്‍ മൊഡ്യൂളും വിക്ഷേപിക്കുന്നതാണ് ആദ്യ ഘട്ടം. സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞുള്ള രണ്ടാം ഘട്ടത്തില്‍ പേടകം ബഹിരാകാശത്തെ മറ്റൊരു മൊഡ്യൂളുമായി ബന്ധിപ്പിക്കും. രണ്ട് മൊഡ്യൂളുകളും ഭൂമിയെ സമീപിക്കുമ്പോള്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ച് ഒന്ന് ഭൂമിയിലേക്ക് മടങ്ങും. മറ്റൊന്ന് ഭ്രമണം ചെയ്യുന്നത് തുടരും. ദൗത്യം തീരുന്നതോടെ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഭാരതം മാറും.
ചന്ദ്രയാന്‍-4 ന് മുമ്പ് ഭാരതത്തിന്റെ അഭിമാനപദ്ധതിയായ മനുഷ്യരെ വഹിച്ചുള്ള ഗഗന്‍യാന്‍ ദൗത്യം 2027ല്‍ പൂര്‍ത്തീകരിക്കും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആളില്ലാത്ത ആദ്യ വിക്ഷേപണം മാത്രമാണ് മാറ്റിവെച്ചത്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള സമയത്ത് തന്നെ ഗഗന്‍യാന്‍ പൂര്‍ത്തീകരിക്കും. മാറ്റിവെച്ച എ1 എന്ന ആളില്ലാ ഗഗന്‍യാന്‍ പേടകത്തിന്റെ വിക്ഷേപണം നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് വിക്ഷേപിക്കും. ഈ സാമ്പത്തിക വര്‍ഷം ഏഴ് വിക്ഷേപണങ്ങള്‍ക്കാണ് ഐഎസ്ആര്‍ഒ ലക്ഷ്യം വെയ്‌ക്കുന്നത്. 2035 ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന ഭാരതീയ അന്തരീക്ഷ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളും ഐഎസ്ആര്‍ഒ ആരംഭിച്ചിട്ടുണ്ടെന്ന് വി. നാരായണന്‍ പറഞ്ഞു. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശ നിലയം പ്രവര്‍ത്തിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാകും ഭാരതം.














