സന്നിധാനം: തീര്‍ത്ഥാടന മുന്നൊരുക്കത്തിലെ പാളിച്ചകള്‍ തുറന്ന് സമ്മതിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. പുതിയ ബോര്‍ഡ് ചുമതല ഏറ്റശേഷം ഒരുക്കങ്ങള്‍ക്കു സമയം ലഭിച്ചില്ല. ഇന്നലെ ഉണ്ടായ അപ്രതീക്ഷിത തിരക്ക് ആശങ്ക ഉണ്ടാക്കി. അടിയന്തിര നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേവസ്വം മെസ്സിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായിട്ടില്ല. ജീവനക്കാര്‍ക്ക് താത്കാലികമായി അന്നദാന മണ്ഡപത്തില്‍ ഭക്ഷണത്തിന് സംവിധാനം ഒരുക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയില്‍ ആകുമെന്നും സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പമ്പയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്‌ക്കലില്‍ നിയന്ത്രിക്കും. മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ ഇരുപതോളം ക്യൂ കോംപ്ലക്‌സുകളുണ്ട്. ഒരേ സമയം 500- 600 ആളുകള്‍ക്ക് അവിടെ വിശ്രമിക്കുന്നതിന് സൗകര്യമുണ്ട്. ക്യൂ കോംപ്ലക്‌സില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ക്യൂ കോംപ്ലക്‌സിലെ സൗകര്യങ്ങള്‍ മനസിലാക്കുന്നതിനും അനൗണ്‍സ്‌മെന്റ് നടത്തും.
ഇവിടെ ഏകോപനത്തിനായി കോ ഓര്‍ഡിനേറ്ററെ നിയോഗിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. നിലയ്‌ക്കലില്‍ ഏഴ് സ്‌പോട്ട് ബുക്കിങ് ബൂത്തുകള്‍ അധികമായി ഉടന്‍ സ്ഥാ
പിക്കും. പമ്പയില്‍ നിലവിലുള്ള നാല് സ്‌പോട്ട് ബുക്കിങ് ബൂത്തുകള്‍ക്ക് പുറമേയാണിത്. തീര്‍ത്ഥാടകര്‍ക്ക് ചുക്കുവെള്ള വിതരണത്തിനായി 200 പേരെ അധികമായി നിയോഗിച്ചു. വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ വൃത്തിയാക്കുന്നതിന് 200 പേരെ അധികം വിന്യസിച്ചെന്നും പ്രസിഡന്റ് പറഞ്ഞു.
















