മുംബൈ: ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതി ഏറ്റവും കൂടുതല്‍ നടന്നിരുന്നത് യുഎസ് വിപണിയിലേക്കാണ്. എന്നാല്‍ ട്രംപ് ഇന്ത്യയ്‌ക്കെതിരെ അമിതമായി തീരുവ ചുമത്തിയതോടെ ഇന്ത്യയിലെ ചെമ്മീന്‍ കര്‍ഷകര്‍ ആശങ്കയിലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പിടി തന്ത്രങ്ങളിലൂടെ ഇന്ത്യ യുഎസ് ഏല്‍പിച്ച ആഘാതത്തില്‍ നിന്നും കരകയറിവരികയാണ്. ചെമ്മീന്‍ വിഭവത്തെ വൈവിധ്യവല്‍ക്കരിച്ചും യൂറോപ്പിലേതുള്‍പ്പെടെയുള്ള വിപണികള്‍ കണ്ടെത്തിയും ഇന്ത്യയ്‌ക്കകത്തെ ആഭ്യന്തരവിപണിയെ കൂടുതലായി ആശ്രയിച്ചും ചെമ്മീന്‍ കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുകയായിരുന്നു മോദി സര്‍ക്കാര്‍.
ഇതോടെ ആന്ധ്രയില്‍ ഉള്‍പ്പെടെയുള്ള ചെമ്മീന്‍ കര്‍ഷകര്‍ നിര്‍ത്തിവെച്ചിരുന്ന ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഏകദേശം 62408 കോടി രൂപയുടെ ചെമ്മീന്‍ ഉള്‍പ്പെടെയുള്ള കടല്‍വിഭവങ്ങളാണ് 2024-25ല്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍ ട്രംപ് ഇറക്കുമതി താരിഫ് 50 ശതമാനമാക്കി വര്‍ധിപ്പിച്ചതോടെ ചെമ്മീന്‍ സംസ്കരണ ഫാക്ടറികള്‍ പലതും അടച്ചുപൂട്ടിയിരുന്നു. ഇത്രയും ഉയര്‍ന്ന തീരുവ ഏറ്റുവാങ്ങി അമേരിക്കയിലേക്ക് ചെമ്മീന്‍ കയറ്റി അയക്കുക ലാഭകരമല്ലെന്ന് വന്നതോടെ ചെമ്മീന്‍ സംസ്കരണ യൂണിറ്റുകളുടെ പ്രവര്‍ത്തനം പാടെ നിലച്ചിരുന്നു. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ചെമ്മീനില്‍ 80 ശതമാനവും നല‍്കുന്നത് ആന്ധ്രയാണ്. ആന്ധ്രയില്‍ നിന്നുള്ള 70 ശതമാനം ചെമ്മീനും കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്.
മോദി സര്‍ക്കാരിന്റെശക്തമായ കരുനീക്കങ്ങള്‍
യുഎസിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി സ്തംഭിച്ചതോടെ മോദി സര്‍ക്കാര്‍ ശക്തമായ മറുനീക്കങ്ങള്‍ ആരംഭിച്ചു. നാഷണല്‍ ഫിഷറീസ് ഡവലപ് മെന്‍റ് ബോര്‍ഡ് (എന്‍എഫ് ഡി ബി) അടിയന്തര യോഗം വിളിച്ചുകൂട്ടി. ചെമ്മീനും ഞണ്ടും ഉള്‍പ്പെടെയുള്ളവയ്‌ക്ക് ആഭ്യന്തരവിപണികള്‍ എവിടെയെല്ലാം കണ്ടെത്താന്‍ കഴിയുമെന്നത് സംബന്ധിച്ച രൂപരേഖയുണ്ടാക്കി. ഇവിടെ വലിയൊരു മാറ്റം ചെമ്മീന്‍ കര്‍ഷകര്‍ വരുത്തി. ചെമ്മീന്‍ നേരിട്ട് നല്‍കുന്നതിന് പകരം ചെമ്മീനുകളെ ജീവനോടെ വെള്ളത്തില്‍ നിക്ഷേപിച്ച് ആകര്‍ഷകമായ രീതിയില്‍ ആഭ്യന്തരവിപണിയില്‍ അവതരിപ്പിച്ചു. ഇത് വലിയ മാറ്റം ഉണ്ടാക്കി. ജീവനുള്ള ചെമ്മീനെ അപ്പപ്പോള്‍ ലഭ്യമാക്കുന്ന രീതി പല ഉപഭോക്താക്കളയും ആകര്‍ഷിച്ചു. ആഭ്യന്തരവിപണി യുഎസ് വിപണിയില്‍ നിന്നുള്ള നഷ്ടത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കില്ലെങ്കിലും അല്‍പം ആശ്വാസം ഈ രീതിയിലൂടെ കൈവന്നു.
ഏറ്റവും വലിയ ആശ്വാസംകൈവന്നത് ചെമ്മീന് മറ്റ് ലോകവിപണികള്‍ കണ്ടെത്തിയതോടെയാണ്. ഇതിനായി നെടുനാളത്തെ പരിശ്രമം ഉണ്ടായിരുന്നു. 2017ല്‍ വൈറ്റ് സ്പോട്ട് വൈറസ് ബാധ ഉണ്ടായതോടെ ആന്ധ്രയില്‍ നിന്നും യൂറോപ്പിലേക്കുള്ള ചെമ്മീന്‍ കയറ്റുമതി പാടെ നിലച്ചിരുന്നു. നിരന്തരമായി ബന്ധപ്പെട്ടതിലൂടെ ആസ്ത്രേല്യയിലേയും ന്യൂസിലാന്‍റിലേയും വിപണികള്‍ തുറന്നുകിട്ടി. ഇതോടെ വന്‍തോതില്‍ ഈ രാജ്യങ്ങളിലേക്ക് ചെമ്മീന്‍ കയറ്റി അയയ്‌ക്കാന്‍ തുടങ്ങി.
യൂറോപ്യന്‍ യൂണിയന്‍ ഏറെക്കാലമായി ഇന്ത്യയുടെ മത്സ്യവിഭവങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ഇവിടെ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ ശക്തമായി ഇടപെട്ടതോടെ ഇന്ത്യയിലെ 102 ഫാമുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റി അയയ്‌ക്കാനുള്ളഅനുമതി ലഭിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്റെ ഗുണനിലവാരം വ്യക്തമായി അറിയാവുന്നവരാണ് യൂറോപ്യന്‍ യൂണിയന്‍. ഇതിന് പിന്നാലെ റഷ്യയുടെ വിപണിയും ഇന്ത്യയ്‌ക്ക് തുറന്നുകിട്ടി. 25 ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള ചെമ്മീന്‍ റഷ്യ എടുക്കാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. എന്തായാലും ഇനി അമേരിക്ക അത്യാവശ്യമല്ലെന്ന സ്ഥിതി കൈവന്നിരിക്കുകയാണ്.
















