തിരുവനന്തപുരം: അപകടത്തില്‍പെട്ടയാളെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. നേമത്തിന് സമീപം പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍ സജിത് കുമാര്‍ (55) ആണ് മരിച്ചത്.
കോലിയക്കോട് ഭാഗത്ത് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ സ്ത്രീയെ ഓട്ടോയില്‍ കയറ്റി സജിത് കുമാര്‍ ആശുപത്രിയിലേയ്‌ക്ക് പോവുകയായിരുന്നു. വഴിമധ്യേ കിള്ളിപ്പാലത്തിനു സമീപം എത്തിയപ്പോള്‍ സജിത്തിനു തലചുറ്റുന്നതായി അനുഭവപ്പെട്ടു.
പരിക്കേറ്റ സ്ത്രീക്ക് ഒപ്പമുണ്ടായിരുന്ന ആളോട് കാര്യം പറഞ്ഞശേഷം സജിത്കുമാര്‍ ഓട്ടോ ഒരു വശത്തേയ്‌ക്ക് നിര്‍ത്തിയ ഉടന്‍ തന്നെ കുഴഞ്ഞുവീണു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണ സജിത് കുമാറിനെ ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മീന കുമാരി. മക്കള്‍: അശ്വതി, ലക്ഷ്മി.
















