പാറ്റ്‌ന: ബീഹാർ പുതിയൊരു രാഷ്‌ട്രീയ അന്തരീക്ഷത്തിലാണ്. ഇതുവരെ ഇല്ലാത്ത ആവേശവും ആഹ്ലാദവുമാണ് രാഷ്‌ട്രീയ പ്രവർത്തകർക്കും അണികൾക്കുമിടയിൽ. ജെഡിയുവും ബിജെപിയും വ്യാഴാഴ്ചത്തെ സത്യപ്രതിജ്ഞ ഗംഭീര ആഘോഷമാക്കാനുള്ള ആസൂത്രണത്തിലാണ്.
ഇന്ന് എൻഡിഎ മുന്നണിയുടെ നിയമസഭാ നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുക്കും. നിതീ് പത്താമതും ബീഹാറിന്റെ മുഖ്യമന്ത്രിയായി വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
പാറ്റ്്‌നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നുവെന്നത് എൻഡിഎ മുന്നണി പ്രവർത്തകർക്കും ബിജെപിക്കും മാത്രമല്ല, ബീഹാർ ജനതയ്‌ക്കാകെ ആവേശമായിട്ടുണ്ട്.
എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിരവധി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.
തിങ്കളാഴ്ച നിതീഷ് കുമാർ പട്‌നയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിലവിലെ നിയമസഭ പിരിച്ചുവിടാനും പുതിയ ഭരണത്തിനായുള്ള പരിവർത്തന പ്രക്രിയ ആരംഭിക്കാനും ശുപാർശ ചെയ്തു.
പാർട്ടി നിയമസഭാ സംഘത്തിന്റെ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകനായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ഇന്ന് ബിജെപി നിയമിച്ചു. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിനെയും സാധ്വി നിരഞ്ജൻ ജ്യോതിയെയും കേന്ദ്ര സഹനിരീക്ഷകരായി നിയമിച്ചിട്ടുണ്ട്.
സഖ്യത്തിനുള്ളിൽ സന്തുലിത പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി എൻഡിഎ ആറ് എംഎൽഎമാർക്ക് ഒരു മന്ത്രി സ്ഥാനം വീതം നൽകുമെന്നാണ് ധാരണ. സഖ്യ സർക്കാരിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി), ജനതാദൾ (യുണൈറ്റഡ്) അല്ലെങ്കിൽ ജെഡി (യു), രാഷ്‌ട്രീയ ലോക് മോർച്ച (ആർഎൽഎം), ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) അല്ലെങ്കിൽ എച്ച്എഎം (എസ്) എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉണ്ടാകും.
രണ്ട് ഉപമുഖ്യമന്ത്രി മാരുണ്ടായേക്കും. നിയമസഭാ സ്പീക്കർ സ്ഥാനം ബിജെപിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഡി (യു) യുടെ മുതിർന്ന നേതാവ് പറഞ്ഞു.
ആർജെഡി നേതാവ് തേജസ്വി യാദവ് ബീഹാർ നിയമസഭയിലെ പ്രതിപക്ഷ നേതാവായി (എൽഒപി) ഇതിനകം തിരഞ്ഞെടുക്കപ്പെട്ടു. തേജസ്വി രാഘവ്പുർ എംഎൽഎയായി തുടരും.
















