ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളാണ് കാലിന്റെ ഭാഗം കണ്ടെത്തിയത്.
എറണാകുളം – ആലപ്പുഴ മെമു ട്രെയിൻ ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ട്രെയിൻ തട്ടി കൊല്ലപ്പെട്ടതോ, ആത്മഹത്യ ചെയ്തതോ ആയ ആരുടെയെങ്കിലും ശരീരഭാഗം ആകാമെന്നാണ് പോലീസിന്റെ നിഗമനം. ശരീരഭാഗത്തിന്റെ ലിംഗ നിർണയം അടക്കമുള്ള പരിശോധനകള്‍ നടത്തുമെന്നും റൂട്ടില്‍ അപകടം നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ സാധ്യതയുള്ള അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ടു ചെയ്ചപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ആലപ്പുഴ, കൊല്ലം, കോട്ടയം, ഷൊര്‍ണൂർ, എറണാകുളം റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന മെമു ട്രെയിന് അടിയില്‍ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഈ റൂട്ടികളിലുടനീളം അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.












