പത്തനംതിട്ട: ശബരിമലയിലെ ലോവര്‍ തിരുമുറ്റത്തെ ഭക്തജനത്തിരക്ക് കണ്ട് താന്‍ അന്ധാളിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാര്‍ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. വൃശ്ചികം രണ്ടിന് താന്‍ മുന്‍പൊരിക്കലും ദര്‍ശിക്കാത്ത തിരക്കാണ് കണ്ടതെന്നാണ് ജയകുമാര്‍ അഭിപ്രായപ്പെട്ടത്.
ഇതിന് സമൂഹമാധ്യമങ്ങളില്‍ സാധാരണക്കാരുടെ പലവിധ പ്രതികരണങ്ങളാണ് വരുന്നത്. ഹിന്ദു ഉണര്‍ന്നു കഴിഞ്ഞു, ഇനി ക്ഷേത്രങ്ങള്‍ വൈകാതെ മതേതരുടെ കൈകളില്‍ നിന്നും മോചിപ്പിക്കപ്പെടും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ക്ഷേത്രങ്ങള്‍ ഇനി ദിവസവും അണമുറിയാത്ത ഭക്തപ്രവാഹകേന്ദ്രങ്ങളാവുന്ന കാലം വിദൂരമല്ലെന്നും പ്രതീക്ഷയോടെ ചില ഹൈന്ദവ ഭക്തര്‍ പറയുന്നു.
ക്ഷേത്രഫണ്ട് ഇനി ഭക്തരുടെ ആവശ്യത്തിന് ഉപയോഗിച്ചേ പറ്റൂ എന്നും ചിലര്‍ സൂചിപ്പിക്കുന്നു. ശബരിമല ഉണ്ടായകാലം മുതലുള്ള സംവിധാനം തന്നെയേ ഇപ്പോഴും ഉള്ളൂ. കൂടുതല്‍ ഭക്തരെ ഉള്‍ക്കൊള്ളാന്‍ വിശാലമായ സൗകര്യങ്ങള്‍ വരണം. മോദിയും യോഗിയും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ വാരണാസിയെ മാറ്റിയെടുത്തതുപോലെ, തിരുപ്പതിയെ ആന്ധ്രക്കാര്‍ മാറ്റിയെടുത്തതുപോലെ ശബരിമലയെയും ആധുനിക സൗകര്യങ്ങളോടെ കൂടുതല്‍ വിസ്തൃതിയോടെ മാറ്റിയെടുത്തേ പറ്റൂ എന്നും ചില ഭക്തര്‍ അഭിപ്രായപ്പെടുന്നു.
















