പൂവാര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെ കരുംകുളം പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നണിയില്‍ പൊട്ടിത്തെറി. സീറ്റ് വീതംവച്ചതില്‍ സിപിഎം-സിപിഐ തര്‍ക്കത്തെ തുടര്‍ന്ന് സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പഞ്ചായത്തിലെ എസ്‌സി സംവരണ വാര്‍ഡായ കരുംകുളം വാര്‍ഡില്‍ (9 ല്‍) സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് കളംപിടിച്ചു.
നിലവിലെ സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ആനന്ദനാണ് എല്‍ഡിഎഫിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് പാളയത്തില്‍ ചേക്കേറിയത്. സിപിഎം സ്ഥാനാര്‍ത്ഥി ആര്‍.എസ്. ദിവാകരനെതിരെ ആനന്ദന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ ഗോദയിലിറങ്ങി. പഞ്ചായത്തില്‍ ആകെയുള്ള 19 വാര്‍ഡുകളില്‍ തീരദേശം വരുന്ന ഒരുവാര്‍ഡ് മാത്രമാണ് കാലങ്ങളായി സിപിഐക്ക് നല്‍കുന്നത്.
എന്നാല്‍ ഇത്തവണ ജയസാദ്ധ്യതയുള്ള കരമേഖല ഉള്‍പ്പെടുന്ന ഒരു വാര്‍ഡ് നല്‍കണമെന്ന ആവശ്യം സിപിഐ നേരത്തെ ഉന്നയിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാതെ നേരത്തെ നല്‍കിയ സീറ്റുതന്നെ സിപിഐക്ക് വീണ്ടും കൈമാറി. തുടര്‍ന്ന് ആ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതും സിപിഎം എന്നാണ് ആനന്ദന്‍ ആരോപിക്കുന്നത്. ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറല്‍ വിഭാഗത്തിന് നറുക്ക് വീണതോടെ സിപിഎമ്മിലെ മുന്‍നിര നേതാക്കള്‍ മത്സരരംഗത്തെത്തി. ഇതോടെ സീറ്റ് വിഭജനവും ആകെ പ്രതിസന്ധിയിലായി.
സീറ്റുകള്‍ തമ്മില്‍ പരസ്പരം കൈമാറുന്ന വിഷയം ഏര്യാകമ്മിറ്റിയും എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയും ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനം സിപിഎമ്മിന് അനുകൂലമായി. ഇതോടെ ആനന്ദനൊപ്പം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 10 ഓളം പേര്‍ പാര്‍ട്ടി വിട്ടു പുറത്ത് പോവുകയായിരുന്നു.
















