സന്നിധാനം: ശബരിമലയുടെ ഖ്യാതിയും യശസും നശിപ്പിക്കാന്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കഴിഞ്ഞകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ സ്വര്‍ണക്കൊള്ള കേവലം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങുന്നതല്ല. പല ഉന്നതര്‍ക്കും ഇതില്‍ ബന്ധമുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം.
കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ വാക്കുകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കഴിഞ്ഞ ബോര്‍ഡുകള്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചാല്‍ മാത്രം പോരാ, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും അയ്യപ്പഭക്തരെ പിഴിയുന്നു. ഉയര്‍ന്ന നിരക്കുകളാണ് വിവിധ വകുപ്പുകള്‍ ഈടാക്കുന്നത്. കേവലം കറവപ്പശുവായാണ് സര്‍ക്കാര്‍ ശബരിമലയെ കാണുന്നത്. ഒന്‍പതു കോടി ധൂര്‍ത്തടിച്ച് അയ്യപ്പസംഗമം സംഘടിപ്പിച്ചവര്‍ അയ്യപ്പഭക്തരോട് മാപ്പുപറയണം. സന്നിധാനത്തെ അശാസ്ത്രീയമായ ഭസ്മക്കുളം നിര്‍മാണത്തെക്കുറിച്ചും അന്വേഷണം വേണമെന്ന് കുമ്മനം പറഞ്ഞു.
തീര്‍ത്ഥാടനം ആരംഭിച്ചെങ്കിലും ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിഞ്ഞിട്ടില്ല. പ്രധാനമായും കുടിവെള്ളം, ആഹാരം, വിരിവെക്കാന്‍ സൗകര്യം, ദര്‍ശനം എന്നിവയാണ് ഭക്തര്‍ക്ക് ആവശ്യം. ഉത്തരം കാര്യങ്ങളില്‍ അധികൃതരുടെ അടിയന്തര ശ്രദ്ധ വേണം. പ്ലാസ്റ്റിക്ക് നിരോധനം കാരണം കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. മുന്‍കാലങ്ങളില്‍ അന്നദാന വിതരണം നടത്തിയിരുന്ന ഭക്ത, സന്നദ്ധ സംഘടനകളെ അതിന് അനുവദിക്കണം. ദേവസ്വം ബോര്‍ഡിന്റെ അന്നദാന വിതരണം അപര്യാപ്തമാണ്.
സ്‌ട്രെച്ചര്‍ സേവനം പരിമിതമായത് അടിയന്തര ഘട്ടത്തില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നു. മുന്‍പ് സേവന സന്നദ്ധ സംഘടനകള്‍ സൗജന്യമായി സ്‌ട്രെച്ചര്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഭക്തരുടെ സഹകരണത്തോടെ സന്നിധാനം വൃത്തിയാക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി ഏറെ അംഗീകാരം നേടിയതായിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ പറഞ്ഞ് ഇത് നിര്‍ത്തിവച്ചു. പദ്ധതി പുനരാരംഭിക്കാന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















