അമരാവതി: കുപ്രസിദ്ധ നക്സൽ കമാൻഡർ മാദ്‌വി ഹിദ്മയെയും രണ്ടാം ഭാര‍്യ രാജാക്കയെയും സുരക്ഷാ സേന വധിച്ചു. ആന്ധ്രയിലെ എഎസ്ആർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവർക്കും പുറമെ മറ്റു മാവോയിസ്റ്റുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് സൂചന. തലയ്‌ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ നേതാവായിരുന്നു ഹിദ്മ.
രാജ‍്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ മുഖ‍്യ ആസൂത്രകനായിരുന്നു. 2010ൽ ദന്തെവാഡയിൽ 76 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതും മാദ്‌വിയായിരുന്നു. സംഭവസ്ഥലത്തു നിന്നും 6 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് വിവരം. ഹിദ്മല്ലു എന്നും സന്തോഷ് എന്നും അറിയപ്പെടുന്ന മാദ്‌വി ഹിദ്മ 1996 ൽ 17 വയസ്സുള്ളപ്പോഴാണ് നക്സൽ പ്രസ്ഥാനത്തിൽ ചേർന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടിനിടയിൽ, ഇയാൾ 26 ലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും 150 ലധികം ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും ജീവൻ അപഹരിക്കുകയും ചെയ്തു.
പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) ബറ്റാലിയൻ -1 ന്റെ പ്രധാന കമാൻഡറും മാവോയിസ്റ്റ് സിപിഐ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 1981 ൽ സൗത്ത് സുക്മയിലെ പുവാർട്ടി ഗ്രാമത്തിൽ ജനിച്ച ഹിദ്മ, സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയിൽ ബസ്തറിനെ പ്രതിനിധീകരിക്കുന്ന ഏക ഗോത്ര അംഗമായിരുന്നു.
















