തിരുവനന്തപുരം:തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ജോലി സമ്മര്‍ദ്ദത്തില്‍ ബിഎല്‍ഒ ജീവനൊടുക്കിയെന്ന് ആരോപിച്ചും മരിച്ച ബിഎല്‍ഒ അനീഷ് ജോര്‍ജിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ പ്രതീകാത്മക തൂങ്ങിമരണം ആവിഷ്‌ക്കരിച്ചു. എസ്‌ഐആര്‍ മരണക്കെണിയാണെന്നും ഇനിയും എത്ര ജീവന്‍ വേണം എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിഷേധം നടത്തിയത്.
അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു.നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ 3000 ഫോമുകള്‍ വിതരണം ചെയ്യുകയെന്ന അസാധ്യ ടാര്‍ഗറ്റ് ബിഎല്‍ഒമാര്‍ക്ക് മേല്‍ അടിച്ചേല്‍പിച്ച് പീഡിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
എസ്‌ഐആറിന് എന്യൂമറേഷന്‍ ഫോം വീടുകളിലെത്തി നല്‍കിയ ശേഷം വോട്ടര്‍മാരില്‍ നിന്ന് പൂരിപ്പിച്ച് വാങ്ങി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന ജോലി ബിഎല്‍ഒമാര്‍ക്കാണ്. മൂന്ന് തവണ വീട് കയറണം. ഫോം വിതരണം ചെയ്ത് തിരികെ വാങ്ങാനുള്ളത് ഒരു മാസത്തെ സമയമാണ്.















