കണ്ണൂര്‍: ഡിസംബര്‍ – ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണ ശേഷിയിലേക്കും ജലനിരപ്പ് ഉയര്‍ത്തും. റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശത്ത് താമസിക്കുന്നവരും ബരേജിന്റെ താഴെ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളവിതരണം നടത്തുന്നതിന് പദ്ധതിയുടെ സംഭരണി പ്രദേശത്ത് പ്രത്യേക കിണറുകളും പമ്പിംഗ് സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ജപ്പാന്‍ സഹായത്തോടെയുള്ള പട്ടുവം കുടിവെള്ളപദ്ധതി, കണ്ണൂര്‍ ടൗണില്‍ കുടിവെള്ളം എത്തിക്കുന്ന കൊളച്ചേരി പദ്ധതി, തലശ്ശേരി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്ന അഞ്ചരക്കണ്ടി പദ്ധതിക്കുവേണ്ടി വരുന്ന അധികജലം നല്‍കുന്ന പദ്ധതി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഈ അണക്കെട്ടിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്നു.
















