തിരുവനന്തപുരം: നിര്‍മ്മാണ തൊഴിലാളിയെ വര്‍ക്കല എസ്.ഐ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയെന്ന പരാതിയില്‍ സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വര്‍ക്കല എസ്‌ഐ പിആര്‍ രാഹുലിനെതിരായ പരാതിയിലാണ് നടപടി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ നിര്‍മാണതൊഴിലാളി സുരേഷിന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റേതാണ് ഉത്തരവ്.. പിഴ എസ് ഐയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണമെന്നാണ് ഉത്തരവില്‍ ഉളളത്. രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 8 ശതമാനം പലിശ നല്‍കണം.
മണ്ണെടുപ്പ് പരാതിയിലാണ് സുരേഷിനെ പൊലീസ് പിടികൂടിയത്. പിന്നീട് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ട്.നെയ്യാറ്റിന്‍കര ഡിവൈഎസ്പി ആണ് അന്വേഷണം നടത്തുന്നത്.
















