ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ, നടന്മാരായ അജിത്, അരവിന്ദ് സ്വാമി, എന്നിവരുടെ വസതിക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴി തമിഴ്‌നാട് ഡിജിപിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. നാല് സ്ഥലങ്ങളിലും ബോംബ് സ്ക്വഡ് അടക്കമുള്ളവർ പരിശോധന നടത്തിയെങ്കിലും സംശയകരമായൊന്നും കണ്ടെത്തിയില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയും അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തുള്ള വസതിക്ക് നേരെ ഭീഷണി സന്ദേശം എത്തിയിരുന്നു. അന്നും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പിന്നാലെ വ്യാജ ഭീഷണിയാണെന്ന് സ്ഥിരീകരിച്ചു. ഇതിനുപുറമെ അരുൺ വിജയ്‌യുടെ ഏക്കാട്ടുതാങ്കലിലെ വീട്, സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോ എന്നിവയ്‌ക്കും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു.
















