ധാക്ക: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളിൽ വിധി ഇന്ന്. ധാക്കയിലെ പ്രത്യേക ട്രിബ്യുണൽ കോടതിയാണ് കലാപത്തെത്തുടർന്ന് ബംഗ്ലദേശിൽ നിന്ന് പുറത്താക്കപ്പെട്ട ഷെയ്ഖ് ഹസീനക്ക് എതിരായ വിധി പറയുന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ് ശിക്ഷ. ഇതിന്റെ പേരിൽ ഹസീനക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം. വിധി പറയുന്ന സാഹചര്യത്തിൽ ബംഗ്ലദേശിൽ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹസീനയ്‌ക്ക് ജയിൽ ശിക്ഷയോ വധശിക്ഷയോ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ അവരുടെ പാർട്ടി ആയ അവാമി ലീഗ് ആഹ്വനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം. തെരുവിൽ ഇറങ്ങുന്നവരെ കർശനമായി നേരിടുമെന്ന് ബംഗ്ലദേശിലെ ഇടക്കാല സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. വിധിക്ക് മുന്നോടിയായി ബംഗ്ലാദേശിൽ ഞായറാഴ്ച രാത്രി വൈകി സ്ഫോടനങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. രാജ്യവ്യാപകമായി സംഘർഷം വർധിച്ച സാഹചര്യത്തിൽ അധികൃതർ രംഗം ശാന്തമാക്കാൻ ശ്രമിക്കുകയാണ്.
വിദ്യാർത്ഥി നേതൃത്വത്തിലുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യാവകാശത്തിനെതിരായ കുറ്റകൃത്യങ്ങളുടെ പേരിലാണ് 78 വയസ്സുള്ള മുൻ പ്രധാനമന്ത്രി വിചാരണ നേരിടുന്നത്. ഈ പ്രക്ഷോഭമാണ് 2024 ഓഗസ്റ്റിൽ അവരുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ധാക്കയിലും മറ്റ് നഗരങ്ങളിലും അസംസ്‌കൃത ബോംബ് സ്ഫോടനങ്ങളും വാഹനങ്ങൾക്ക് തീയിട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് രാഷ്‌ട്രീയ അക്രമങ്ങളുടെ ചരിത്രമുള്ള രാജ്യത്ത് രാഷ്‌ട്രീയ അരാജകത്വം തുടരുമെന്നതിന്റെ സൂചനയാണ്.
ഞായറാഴ്ച രാത്രി വൈകി 9 മണിയോടെ ഇടക്കാല സർക്കാർ ഉപദേഷ്ടാവ് സയിദ റിസ്വാന ഹസന്റെ വസതിക്ക് പുറത്ത് രണ്ട് ക്രൂഡ് ബോംബുകൾ പൊട്ടിത്തെറിച്ചു. കർവാൻ ബസാർ പ്രദേശത്തും ഒരു സ്ഫോടനമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാർക്ക് ചെയ്ത ബസുകൾക്കും പോലീസ് സ്റ്റേഷൻ കോംപ്ലക്‌സിലെ മാലിന്യം തള്ളുന്ന സ്ഥലത്തിനും തീയിട്ടതായും പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കാൻ ധാക്ക മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ എസ് എം സജ്ജാത് അലി ഉദ്യോഗസ്ഥർക്ക് അനുമതി നൽകി.
















