തിരുവനന്തപുരം: വികസന അനന്തപുരി യാഥാര്‍ത്ഥ്യമാക്കാന്‍ നിങ്ങളുടെ ഓരോ വോട്ടും താമര അടയാളത്തില്‍ നല്‍കി വിജയിപ്പിക്കണമെന്ന അനൗണ്‍സ്മെന്റ് വാഹനത്തിന് പിറകെ വോട്ടര്‍മാരോട് കുശലം പറഞ്ഞും വികസന ചര്‍ച്ച നടത്തിയും നിറ പുഞ്ചിരിയോടെ നടന്നു നീങ്ങുകയാണ് ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ.
ഡിജിപിയുടെ പരിവേഷങ്ങളില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരിയായി നടന്നുനീങ്ങുന്ന സ്ഥാനാര്‍ത്ഥിയെ സ്നേഹപൂര്‍വം ഹാരമണിയിച്ചും പൂക്കള്‍ നല്‍കിയും സ്വീകരിക്കുകയാണ് വോട്ടര്‍മാര്‍. ശ്രീലേഖയെ കാണാന്‍ സ്ത്രീകളും പുരുഷന്മാരും യുവജനങ്ങളുമെല്ലാം എത്തുന്നു. പലരും ഓടി വന്ന് കെട്ടിപിടിക്കുകയും ആശംസകള്‍ പറയുകയും ചെയ്യുന്നു. ചെറുപുഞ്ചിരിയോടെ വോട്ടര്‍മാരോട് കുശലം പറഞ്ഞ് അവരില്‍ ഒരാളായി മാറുന്നു, ശാസ്തമംഗലത്തിന്റെ ശ്രീലേഖ.
രാഷ്‌ട്രീയത്തില്‍ എടുത്തു പറയത്തക്ക പാരമ്പര്യമോ… മുതല്‍ക്കൂട്ടുകളോ ഒന്നുമില്ല. രാഷ്‌ട്രീയത്തിലെ കൈ മുതല്‍ ആത്മവിശ്വാസം തന്നെയാണെന്ന് ശ്രീലേഖ പറയുന്നു. അതിന് പോലീസ് യൂണിഫോമിനുള്ളിലെ കരുത്തുമുണ്ട് കൂട്ടിന്. വികസനമാണ് തന്റെ രാഷ്‌ട്രീയം. വികസനം കൊണ്ട് വന്ന് തിരുവനന്തപുരത്തെ മാതൃകാ നഗരമക്കി മാറ്റുകയാണ് ലക്ഷ്യം. ശ്രീലേഖ ഐപിഎസിന്റെ വാക്കുകളില്‍ ആത്മവിശ്വാസം നിറഞ്ഞു നിന്നു.
എന്നും സാധാരണക്കാര്‍ക്കൊപ്പം
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും മനസ് ഇപ്പോഴും സാധാരണ ജനങ്ങളോടൊപ്പമാണ്. ജനാധിപത്യ പ്രക്രിയയിലുള്ള തെരഞ്ഞെടുപ്പ് ആദ്യാനുഭവമാണെങ്കില്‍ പോലും ഈ തെരഞ്ഞെടുപ്പിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്. വിമന്‍സ് കോളജില്‍ പഠിക്കുമ്പോള്‍ ജനറല്‍ സെക്രട്ടറിയായി മത്സരിച്ചു വിജയിച്ചതുപോലെ യുവത്വത്തിലേക്കു തിരിച്ചുവരുന്ന അനുഭവമാണ് ഇപ്പോഴുള്ളത്. പോലീസ് തലപ്പത്തിരുന്ന് സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ഓരോ പ്രശ്നവും തങ്ങളുടെ അനുഭവം പോലെയാണ് കാണുന്നത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥ വാര്‍ഡ് കൗണ്‍സിലര്‍ ആകാന്‍ മത്സരിക്കുന്നത് ആദ്യ സംഭവമായിരിക്കാം. എന്നാല്‍ എന്ത് മാത്രം പ്രാധാന്യത്തോടെയാണ് ബിജെപി ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് എന്നുള്ള സന്ദേശമാണ് ഈ തീരുമാനത്തിലൂടെ ജനങ്ങള്‍ക്ക് നല്‍കുന്നത്. മത്സരിക്കണോയെന്ന് കുറച്ച് ചിന്തിച്ചു. ഡിജിപിയായി വിരമിച്ച വ്യക്തി, ബിജെപിയുടെ ഉപാധ്യക്ഷ എന്നിങ്ങനെയുള്ള ഒരാള്‍ക്ക് ഇതു വേണോയെന്ന ചിന്ത എന്നെ അലട്ടിയിരുന്നു. പിന്നീടാണ് വികസനം എന്നൊരു പ്രക്രിയ മനസ്സിലാക്കിയത്. താഴെത്തട്ടില്‍ നിന്നാണ് വികസനം തുടങ്ങേണ്ടത്. പഞ്ചായത്തുകളും വാര്‍ഡുകളുമാണ് ബിജെപി ആദ്യം പിടിച്ചടക്കേണ്ടതെന്ന് ശ്രീലേഖ പറയുന്നു.
അഴിമതിരഹിത ഭരണം കാഴ്ചവയ്‌ക്കും
ജയിച്ചാല്‍ അഴിമതിരഹിത ഭരണം കോര്‍പ്പറേഷനില്‍ കാഴ്ച വെയ്‌ക്കുക എന്നുള്ളത് തന്നെയാണ് മുഖ്യലക്ഷ്യം. ഔദ്യോഗിക ജീവിതത്തിലിരിക്കുമ്പോള്‍ മറ്റ് രാഷ്‌ട്രീയക്കാരുടെ എല്ലാ കള്ളത്തരങ്ങളും ഗത്യന്തരമില്ലാതെ നോക്കി നില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അതിനൊരു മാറ്റമാകാന്‍ വേണ്ടി കൂടെയാണ് ഈ തെരഞ്ഞെടുപ്പ്. വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ തിരിച്ചറിത്തുതുടങ്ങി. ജനങ്ങള്‍ സ്നേഹത്തോടെ തന്നെ സ്വീകരിക്കുന്നുണ്ടെന്നും ശാസ്തമംഗലത്ത് വിജയം ഉറപ്പാണെന്നും ബിജെപി നഗരസഭയുടെ ഭരണം പിടിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
വികസനത്തിന് ബിജെപി വരണം
ആളുകള്‍ പോസിറ്റീവായാണ് സ്വീകരിക്കുന്നത്. പ്രചാരണം ഉഷാറായി പോകുന്നു. ആര്‍. ശ്രീലേഖ ഐപിഎസ് എന്നുപറഞ്ഞാണ് ജനങ്ങളോട് പരിചയപ്പെടുത്തുന്നത്. അത് പറയുമ്പോള്‍ ആളുകള്‍ക്ക് പെട്ടെന്ന് മനസ്സിലാകും. ഡോക്ടര്‍, അഡ്വക്കേറ്റ് എന്നതുപോലെ പേരിനൊപ്പമുള്ള ഡിഗ്രി പോലെയാണ് ഐപിഎസ്. അത് മരണം വരെ ഒപ്പമുണ്ടാകും. ഇത്തവണ ബിജെപി ഉറപ്പായും ഭരണം പിടിക്കും. എല്ലായിടത്തും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി നിര്‍ത്തിയിരിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേയ്‌ക്ക് ഒഴുക്ക് കാണുന്നുണ്ട്. ഒരുപാട് പേര്‍ ഇങ്ങോട്ടേയ്‌ക്ക് വരുന്നു. വികസനവും നല്ല ഭരണവും വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട്.
കോണ്‍ഗ്രസിന് ആകെ 10 സീറ്റല്ലേ ഉള്ളൂ. 40 വര്‍ഷത്തോളമായി എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നു. കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസുകാര്‍ ജയിക്കാന്‍ ആഞ്ഞുശ്രമിക്കട്ടെ, അത് ബിജെപിക്ക് ഗുണം ചെയ്യും. അഴിമതികള്‍ തുടച്ചുനീക്കി തിരുവനന്തപുരം എന്ന മഹാനഗരത്തിന്റെ മുക്കിലും മൂലയിലും വികസനം എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മാലിന്യ പ്രശ്നം, കുടിവെള്ള പ്രശ്നം, റോഡുകളുടെ ശോചനീയാവസ്ഥ, തെരുവുനായ പ്രശ്നം എന്നിവയൊക്കെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രചാരണ വിഷയങ്ങളാകുന്നുണ്ട്.
കാക്കിയോടുള്ള പേടി രാഷ്‌ട്രീയക്കാരിയോടില്ല
എല്ലാത്തിനും കൃത്യവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പരിഹാരമാര്‍ഗങ്ങള്‍ ശ്രീലേഖയ്‌ക്കുണ്ട്. വോട്ടര്‍മാരെ കണ്ട് പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞാണ് മുന്നേറുന്നത്. ശാന്തമായും മിതമായും സംസാരിക്കുന്ന ശ്രീലേഖ വെറുമൊരു രാഷ്‌ട്രീയക്കാരിയെപോലെയല്ല ഇടപെടുന്നത്. കൃത്യമായി പഠിച്ച് മാത്രമേ കാര്യങ്ങളില്‍ ഇടപെടുന്നുള്ളൂ. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ വാര്‍ഡില്‍ സജീവമായിരുന്നു ശ്രീലേഖ. അതുകൊണ്ട് തന്നെ വാര്‍ഡിലെ ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ശ്രീലേഖ പറയുന്നു. രാവിലെയുള്ള വര്‍ക്ക് ഔട്ടിന് ശേഷം തിരക്കുകളിലേക്ക് പോകുന്നു. ഇപ്പോള്‍ വോട്ടര്‍മാരെ നേരിട്ടു കണ്ടുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. 33 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ഇങ്ങനെയൊരു നിയോഗമുണ്ടെന്ന് മനസില്‍ പോലും കരുതിയില്ല. എല്ലാം ഒരു ദൈവനിയോഗം പോലെയാണ് തോന്നുന്നത്. കാക്കിയില്‍ നിന്ന് രാഷ്‌ട്രീയക്കാരിയിലേക്ക് മാറുമ്പോള്‍ ഒന്ന് കൂടി ജനസേവനം എളുപ്പമാകുമെന്നാണ് ശ്രീലേഖയുടെ പക്ഷം. അന്നും ഇന്നും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. ഔദ്യോഗിക ജീവിതത്തിലും താന്‍ ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ ജനപ്രതിനിധിയായാലും അതിന് മാറ്റമുണ്ടാകില്ല. സേവനത്തില്‍ വലിയ മാറ്റമൊന്നും ഇല്ലെങ്കിലും കുപ്പായം മാറിയതിനാല്‍ ജനങ്ങളോട് കുറച്ചുകൂടി അടുത്ത് നില്‍ക്കാന്‍ സാധിക്കുന്നു. കാക്കിയിടുമ്പോള്‍ ജനങ്ങള്‍ക്ക് ചെറുതായെങ്കിലും പേടിയും ബഹുമാനവും ഉണ്ടായിരുന്നു. ഇപ്പോള്‍ പേടിയൊക്കെ മാറി സ്നേഹമായി, വീട്ടിലെ ഒരംഗത്തെ പോലെയാണ് എന്നെ അവര്‍ കാണുന്നത്. ഞാന്‍ എഴുത്തുകാരിയാണ്. കഴിഞ്ഞ നാലുവര്‍ഷമായി യൂട്യൂബിലൂടെയെല്ലാം ജനങ്ങളുടെ ഇടയിലേയ്‌ക്ക് ഇറങ്ങിച്ചെന്ന ആളാണ്. വാര്‍ഡ് കൗണ്‍സിലറായാല്‍ കുറച്ചുകൂടി നല്ല രീതിയില്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ സാധിക്കുന്ന അവസരമാണ്. ഭര്‍ത്താവ് ഡോ. എസ്. സേതുനാഥും മകന്‍ ഗോകുല്‍ നാഥും എല്ലാ പിന്തുണയോടും കൂടി ശ്രീലേഖയ്‌ക്ക് ഒപ്പമുണ്ട്.
















