മലപ്പുറം: മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസി യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിലായി പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് സിന്ധു, ഭര്‍ത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീണ്‍, മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.
രതീഷിനെ ഇവര്‍ നഗ്‌നനാക്കി മര്‍ദിച്ചത് 2024 നവംബറിലാണ്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദിച്ചത്. പിന്നാലെ രതീഷ് ജീവനൊടുക്കി. രതീഷിന്റെ അമ്മയും ഭാര്യയും പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എടക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിനു പിന്നില്‍ സിന്ധു ഉള്‍പ്പെടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ പെടുത്തിയതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് അമ്മ തങ്കമണിയും സഹോദരന്‍ രാജേഷും ആരോപിച്ചിരുന്നു. ജൂണ്‍ 11നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ രതീഷിനെ കണ്ടെത്തിയത്. ദല്‍ഹിയില്‍ വ്യവസായിയായിരുന്നു രതീഷ്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയല്‍വാസിയായ സിന്ധു തന്ത്രപൂര്‍വം രതീഷിനെ വീട്ടിനുള്ളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു.
സിന്ധുവിന്റെ വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. രണ്ട് ലക്ഷം രൂപ ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്‌ക്കും സലുഹൃത്തുക്കള്‍ക്കും അയച്ചുനല്‍കി. ഇതോടെ നാണക്കേട് താങ്ങാനാവാതെ മകന്‍ ജീവനൊടുക്കിയെന്ന് രതീഷിന്റെ അമ്മ പറഞ്ഞു.
















