സൂരത്ത് : മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൂറത്തിലെ നിര്‍മാണത്തിലിരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയര്‍മാരുമായും സാങ്കേതിക ടീമുമായും അദ്ദേഹം ആശയവിനിമയം നടത്തി. പദ്ധതിയുടെ സമയക്രമം, വേഗപരിധി, നിര്‍മാണ ഘട്ടങ്ങള്‍ എന്നിവയോട് ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രി അന്വേഷിച്ചു. പദ്ധതി യാതൊരു തടസ്സങ്ങളും കൂടാതെ മുന്നേറുകയാണെന്ന് തൊഴിലാളികളും ഉദ്യോഗസ്ഥരും അദ്ദേഹത്തെ അറിയിച്ചു.
നവസാരിയിലെ നോയിസ് ബാരിയര്‍ ഫാക്ടറിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഒരു യുവ വനിതാ എഞ്ചിനീയര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. റീബാര്‍ കേജുകള്‍ വെല്‍ഡ് ചെയ്യുന്നത് റോബോട്ടിക് യൂണിറ്റുകള്‍ ഉപയോഗിച്ചാണ് നടപ്പാക്കുന്നത് എന്ന് അവjd]വിശദീകരിച്ചു. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നത് കുടുംബത്തിനും തനിക്കും അഭിമാനകരമായ ‘ഡ്രീം പ്രോജക്ട്’ ആണെന്നും പറഞ്ഞു. വീടുകളില്‍ പങ്കുവെക്കുന്ന അനുഭവങ്ങളും മനോഭാവങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
‘രാജ്യത്തിനായി എന്തെങ്കിലും പുതുമ സംഭാവന ചെയ്യുന്നു എന്ന ബോധം ഉണ്ടാകുമ്പോള്‍ അതാണ് ഏറ്റവും വലിയ പ്രചോദനം.’ ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഉയര്‍ത്തിയ ശാസ്ത്രജ്ഞരുടെ അഭിമാനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അവിടെ നിന്ന് ഇന്ന് നൂറുകണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന നിലയിലേക്കാണ് രാജ്യം എത്തിയതും ചൂണ്ടിക്കാട്ടി.
ബംഗളൂരു സ്വദേശിയായ ലീഡ് എഞ്ചിനീയറിംഗ് മാനേജര്‍ ശ്രുതി നിര്‍മാണഘട്ടങ്ങളില്‍ നടപ്പാക്കുന്ന കര്‍ശനമായ ഡിസൈന്‍–എഞ്ചിനീയറിംഗ് പരിശോധനകളെക്കുറിച്ച് വിശദീകരിച്ചു. ഓരോ ഘട്ടത്തിലും ലാഭ–നഷ്ട വിശകലനം, പരിഹാരമാര്‍ഗങ്ങള്‍, പകരം വഴികള്‍ എന്നിവ പരിശോധിക്കുമെന്നായിരുന്നു അവരുടെ വിശദീകരണം.
അനുഭവങ്ങള്‍ സമാഹരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ബ്ലൂ ബുക്ക് രൂപത്തില്‍ അത് രാജ്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ‘പുനരാവര്‍ത്തനം ചെയ്യേണ്ടതില്ല; പാഠങ്ങള്‍ പഠിച്ച് അത് രാജ്യത്തിന്റെ വലിയ പദ്ധതികളില്‍ പ്രയോഗിക്കണം’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. ഈ രേഖകള്‍ ഭാവിയിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ജീവനക്കാരന്‍ തന്റെ പ്രതിബദ്ധതയെ കുറിച്ചൊരു കവിതയിലൂടെ പ്രധാനമന്ത്രിയോട് പങ്കുവെക്കുകയും, പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു.
സന്ദര്‍ശനത്തില്‍ കേന്ദ്ര റെയില്‍വേ-ഐ.ടി. മന്ത്രി അശ്വിനി വൈഷ്‌നവ് സന്നിഹിതനായിരുന്നു.

മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ ഇന്ത്യയുടെ ഗതാഗത അടിസ്ഥാന സൗകര്യത്തെ ഒരു പുതിയ കാലഘട്ടത്തിലേക്ക് നയിക്കുന്ന മഹത്തായ പദ്ധതിയാണ്. ഏകദേശം 508 കിലോമീറ്റര്‍ നീളമുള്ള ഈ പാതയില്‍ 352 കിലോമീറ്റര്‍ ഗുജറാത്തിലും, 156 കിലോമീറ്റര്‍ മഹാരാഷ്‌ട്രയിലുമാണ്. സാബര്‍മതി, അഹമ്മദാബാദ്, ആനന്ദ്, വഡോദര, ഭാരൂച്ച്, സൂറത്ത്, ബിലിമോറ, വൈപി, ബോയ്‌സര്‍, വീരാര്‍, താണെ, മുംബൈ തുടങ്ങി പ്രധാന നഗരങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.
ആധുനിക എഞ്ചിനീയറിംഗ് മാനദണ്ഡങ്ങളെ അനുസരിച്ച് നിര്‍മ്മിക്കുന്ന ഈ പദ്ധതിയില്‍ 465 കിലോമീറ്റര്‍ (85%) ഭാഗം വയഡക്ടുകളിലാണ്, ഇതിലൂടെ ഭൂമിയിടപാടുകളും സുരക്ഷാ പ്രശ്‌നങ്ങളും ഗണ്യമായി കുറയ്‌ക്കുന്നു. ഇതിനകം 326 കിലോമീറ്റര്‍ വയഡക്ട് പ്രവര്‍ത്തി പൂര്‍ത്തിയായി; 25ല്‍ 17 നദി പാലങ്ങള്‍ നിര്‍മിച്ചുകഴിഞ്ഞു.
പദ്ധതി പൂര്‍ത്തിയായാല്‍ മുംബൈ–അഹമ്മദാബാദ് യാത്ര ഏകദേശം രണ്ട് മണിക്കൂറിലേക്ക് ചുരുങ്ങും, ഇതോടെ വ്യവസായം, വിനോദസഞ്ചാരം, മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനം എന്നിവക്ക് വലിയ ഉണര്‍വുണ്ടാകും.












