ന്യൂദൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന ‘ദൽഹി കാർ സ്ഫോടന’ത്തിൽ നിർണായക വഴിത്തിരിവായി. സ്‌ഫോടനത്തിൽ ചാവേറായ ഉമർ ഉൻ നബിയുമായി ഗൂഢാലോചന നടത്തിയ കശ്മീരി നിവാസി അമീർ റാഷിദ് അലിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അലിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തത്.
ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ നിവാസിയായ അലി, വാഹനം വാങ്ങുന്നതിനായി ദൽഹിയിലേക്ക് പോയിരുന്നുവെന്നും പിന്നീട് അത് കാറിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുവായി (ഐഇഡി) ഉപയോഗിക്കുകയായിരുന്നുവെന്നും എൻഐഎ പത്രക്കുറിപ്പിൽ അറിയിച്ചു. മരിച്ച ഡ്രൈവറുടെ ഐഡന്റിറ്റി പുൽവാമ നിവാസിയും ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഉമർ ഉൻ നബിയാണെന്ന് ഫോറൻസിക് വിശകലനത്തിൽ നേരത്തേ സ്ഥിരീകരിച്ചിരുന്നു. സ്‌ഫോടനത്തിൽ, 13 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
നബിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്, തെളിവുകൾക്കായി പരിശോധിച്ചുവരികയാണ്. നവംബർ 10 ന് നടന്ന സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ ഇതുവരെ ചോദ്യം ചെയ്തിട്ടുണ്ട്.
















