കണ്ണൂര്‍ : ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തത് സിപിഎം ഭീഷണിപ്പെടുത്തിയത് കാരണമെന്ന് കോണ്‍ഗ്രസ്.ഭീഷണിയില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ബി എല്‍ ഒ വൈശാഖ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. ഡി സി സി പ്രസിഡന്റ് ശബ്ദരേഖ പുറത്തുവിടും. തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചു.
സി പി എം ബി എല്‍ ഒ വിട്ടുനിന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ക്കായി കോണ്‍ഗ്രസിന്റെ ബൂത്ത് ലെവല്‍ ഏജന്റ് ഒപ്പം വരുന്നതില്‍ അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതാക്കളാണ് ആരോപണം ഉന്നയിച്ചത്. അതേസമയം,എസ്‌ഐആറുമായി ബന്ധപ്പെട്ട് മകന്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഇത്രത്തോളം എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും പിതാവ് വ്യക്തമാക്കി. വോട്ടര്‍മാരെ എല്ലാവരെയും കണ്ടെത്താന്‍ മകന്‍ ബുദ്ധിമുട്ടിയെന്നും പിതാവ് പറഞ്ഞു.
അതേസമയം മരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിപിഎം രംഗത്തെത്തി. അനീഷ് കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നു. ഇനിയും അനീഷ് ജോര്‍ജുമാരെ കൊലയ്‌ക്ക് കൊടുക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് മരണത്തിന് ഉത്തരവാദിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. മരണത്തില്‍ പ്രതിഷേധിച്ച തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രകടനം നടത്തുമെന്ന് എന്‍ജിഒ അസോസിയേഷന്‍ അറിയിച്ചു.
















