അഹമ്മദാബാദ്: ഏറെ നാളായി പഞ്ചാബ് പോലീസ് തേടിക്കൊണ്ടിരുന്ന കൊടുംകുറ്റവാളിയെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഗുര്‍പ്രീത് സിങ് ആണ് അറസ്റ്റിലായത്. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഹലോള്‍ പട്ടണത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഭാരതത്തില്‍ ഭീകരാക്രമണം നടത്തുന്നതിനായി ഗുര്‍പ്രീത് സിങ് പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ കടത്തിയിരുന്നു.
ഇയാള്‍ക്കെതിരെ ഗ്രനേഡ് കള്ളക്കടത്ത്, സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്യല്‍, അതിര്‍ത്തി കടന്നുള്ള ഭീകര ശൃംഖലയെ സഹായിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐയിലേക്ക് ഗുര്‍പ്രീത് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അന്വേഷണത്തില്‍, മറ്റു രണ്ടു പ്രധാന പ്രതികളായ മനു അഗ്വാനും മനീന്ദര്‍ ബില്ലയും നിലവില്‍ മലേഷ്യയിലാണെന്നും പഞ്ചാബില്‍ പ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്യുന്നതിനായി പാകിസ്ഥാന്‍ ഐഎസ്ഐ ഹാന്‍ഡ്ലര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തി.
പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ഭീകരത പടര്‍ത്തുന്നതിനായി മനുവും മനീന്ദറും ഗ്രനേഡുകളും പിസ്റ്റളുകളും വാങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഗ്രനേഡ് ആക്രമണങ്ങളും അവര്‍ പദ്ധതിയിട്ടിരുന്നു.
നേരത്തെ പഞ്ചാബ് പോലീസ് പന്ത്ബീര്‍ സിങ്, ജസ്‌കീരത് സിങ് എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗുര്‍പ്രീത് സിങ് എന്ന ഗോപി ബില്ലയുടെ പങ്കാളിത്തം വ്യക്തമായത്. ഇതേത്തുടര്‍ന്ന് പോലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചു. ഹലോളിലുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ഇയാള്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
അഹമ്മദാബാദില്‍ നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍, മനു അഗ്വാനും മനീന്ദര്‍ ബില്ലയും ചേര്‍ന്ന് പഞ്ചാബില്‍ ഗ്രനേഡ് ആക്രമണത്തിന് പദ്ധതിയിട്ടതായി ഗുര്‍പ്രീത് സിങ് സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പഞ്ചാബ് പോലീസിന് കൈമാറും.
















