കാടിനകത്ത് സുലഭമായി വളരുന്ന വിഭവമാണ് കൂൺ. മരത്തടികളിലും വേരുകളിലും പാറകൾക്കിടയിലുമായി പലതരത്തിലുള്ള പല രുചിഭേദങ്ങളുള്ള കൂണുകൾ വളരുന്നുണ്ട്. അതുകൊണ്ട് ആദിമജനതയുടെ പ്രിയവിഭവങ്ങളിലൊന്നായി കൂൺ മാറിയതിൽ അദ്ഭുതവുമില്ല.
നമുക്ക് ആകെ ഒരു കൂൺ മാത്രമേ അറിയൂ. എന്നാൽ കാട്ടിൽ പ്രധാനമായും 16 ഇനം കൂണുകളാണ് പല വിഭാഗങ്ങളും കഴിക്കുന്നത്. കാണുന്ന കൂണെല്ലാം പറിച്ചുകഴിക്കാൻ കഴിയില്ല. ഭക്ഷ്യ യോഗ്യമായ കൂണുകളും ഭക്ഷ്യയോഗ്യമല്ലാത്തവയും തിരിച്ചറിയാൻ ഗോത്രജനതയ്‌ക്ക് അനുഭവസമ്പത്തുണ്ട്.
തിരിച്ചറിഞ്ഞിട്ടുള്ള വിഷ കൂണിൽ 10 എണ്ണം മരണകാരണമാകുന്ന അത്യുഗ്ര വിഷമുള്ളവയാണ്. പതിനെട്ടോളം വിഷ കൂണുകൾ ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ശർദ്ദി, വയറിളക്കം തുടങ്ങിയവയ്‌ക്കും കാരണമാകുന്നവയാണ്.
കൂണുകളുടെ മാക്രോ, മൈക്രോ സ്വഭാവങ്ങൾ വിലയിരുത്തിയാണ് കൂണുകളെ ഭക്ഷ്യയോഗ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കൂ. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കൂണുകളുടെ നിറം, സ്വാദ്, മണം തുടങ്ങിയവക്ക് കൂണിനുള്ളിൽ അടങ്ങിയിരിക്കുന്ന വിഷാംശവുമായി യാതൊരു ബന്ധവുമില്ല എന്നുള്ളതാണ്.
അതു പോലെ തന്നെ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യമാണ് കൂണുകളിൽ അടങ്ങിയിരിക്കുന്ന മിക്ക വിഷാംശവും ചൂടാക്കിയാൽ നശിക്കാത്തവയാണ്. ആയതിനാൽ തന്നെ പാചകം ചെയ്താലും മഞ്ഞൾപൊടി ഇട്ടാലുംവിഷാംശം ഭക്ഷണത്തിൽ നിലനിൽക്കുമെന്നും അത് ജീവനു ഭീഷണിയാകുമെന്നും ഓർക്കേണ്ടതാണ്.
















