ന്യൂദൽഹി: കൊളംബോ സെക്യൂരിറ്റി കോൺക്ലേവിൽ പങ്കെടുക്കാൻ നവംബർ 19-20 തീയതികളിൽ ബംഗ്ലാദേശിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഖലീലുർ റഹ്മാൻ ദൽഹി സന്ദർശിക്കും. നവംബർ 18-ന് റഹ്മാൻ എത്തുമെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ് സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവിന്റെ പ്രസ് ഓഫീസ് വഴിയാണ് അദ്ദേഹത്തിന്റെ ഉന്നത സന്ദർശനത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചർച്ചയിൽ പങ്കെടുക്കും.
യൂനുസ് ഭരണകൂടവുമായുള്ള വിള്ളൽക്കിടയിലും പ്രത്യേകിച്ച് ഉന്നത നേതൃത്വ തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരിമിതമായ ഇടപെടൽ കണക്കിലെടുക്കുമ്പോൾ ഈ സന്ദർശനം പ്രധാനമാണ്. ഏപ്രിലിൽ ബാങ്കോക്കിൽ നടന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും യൂനുസും തമ്മിൽ നടന്ന കൂടിക്കാഴ്ച പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായില്ല. കൂടാതെ യൂനുസിന്റെ വിവാദ പ്രസ്താവനകളും പാകിസ്ഥാനുമായും ചൈനയുമായും ഉള്ള അദ്ദേഹത്തിന്റെ അടുപ്പവും അടുത്തിടെ ഇന്ത്യയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.
എടുത്ത് പറയേണ്ടത് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന് ഇന്ത്യയോട് അത്ര താത്പര്യമില്ലെ എന്നതാണ്. ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ തുടരാൻ അനുവദിക്കുന്നതിനെ യൂനുസ് ഭരണകൂടം പലതവണ പരസ്യമായി എതിർത്തിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ ഹസീനയെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗ്ലാദേശ് നേരത്തെ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് ബംഗ്ലാദേശ് സർക്കാർ ഇന്ത്യൻ സർക്കാരിന് നയതന്ത്ര കുറിപ്പും അയച്ചിരുന്നു. ഇതിനു ഹസീനയുടെ അഭിമുഖം അടുത്തിടെ ഇന്ത്യൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത് ബംഗ്ലാദേശിലും വിവാദ വിഷയമായി മാറിയിരുന്നു. ഈ വിഷയത്തിൽ ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പവൻ ബദെയെ അടുത്തിടെ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
















