ന്യൂഡൽഹി ; ബിഹാറിലെ തോൽവി വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയുടെ വസതിയിൽ നേതാക്കളുടെ യോഗം . ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസാരിച്ചു. ബിഹാറിൽ വോട്ടുകൊള്ളയാണ് നടന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് . നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പായതിനാലാണ് തങ്ങൾക്ക് ജയിക്കാൻ പറ്റാത്തതെന്ന് കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞിരുന്നു.
ആര്‍ക്കും വിശ്വസിക്കാൻ കഴിയുന്ന ഫലമല്ല ബിഹാറിൽ ഉണ്ടായിരിക്കുന്നതെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ‘‘ ബിഹാറില്‍ വോട്ടു കൊള്ള ആണെന്നതിൽ തർക്കമില്ല. വോട്ടിങിൽ കൃത്രിമത്വം നടന്നു. ഇത് തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് പറയുന്നതല്ല. 90 ശതമാനത്തിൽ അധികം സ്ട്രൈക്ക് റേറ്റ് ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പോലും ഉണ്ടായിട്ടില്ല. ബിഹാറിലെ കൃത്യമായ ഡേറ്റ ശേഖരിക്കുകയാണ്. കൃത്യമായ തെളിവുമായി വരും. കോൺഗ്രസിനെ പിളർക്കാൻ മോദി ഇറങ്ങിയാൽ ആരും വീഴാൻ പോകുന്നില്ല. ഇന്ത്യൻ ജനാധിപത്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഹരിയാനയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ‘ വേണുഗോപാൽ പറഞ്ഞു.
















