ഭാരത നഭസ്സില്‍ ചിതറിക്കിടക്കുന്ന ഗോത്ര നക്ഷത്ര സമൂഹത്തില്‍, സമാനതകളില്ലാത്ത പ്രകാശത്തോടെ ‘ധര്‍തി ആബ’ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ പ്രഭയുമുണ്ട്. ഇന്ത്യയിലെ ഗോത്ര ബോധത്തിന്റെ ആത്മാവിനെ വീണ്ടും ജ്വലിപ്പിച്ച അദ്ദേഹത്തിന്റെ പേര് ഇന്ന് ഗോത്ര സ്വത്വത്തിന്റെയും അന്തസ്സിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും തിളക്കമുള്ള ചിഹ്നമായി നിലകൊള്ളുന്നു. ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം അദ്ദേഹത്തിന്റെ ആദരവിന്റെയും സ്മരണയുടെയും രാഷ്‌ട്രത്തോടുള്ള അതിരുകളില്ലാത്ത ദൃഢനിശ്ചയത്തിന്റെയും ഉജ്ജ്വലമായ ആഘോഷമാണ്.
ലോകം മുഴുവന്‍ ‘ഒരു കുടുംബം’ എന്ന് വിളിച്ചോതുന്ന ”വസുധൈവ കുടുംബകം” എന്ന മാര്‍ഗ്ഗദീപത്തിന്റെ വെളിച്ചത്തില്‍ ഭാരതീയ സംസ്‌കാരം കാലാകാലങ്ങളായി വളര്‍ന്ന് പുഷ്ടിപ്രാപിച്ചു. ഈ നാടിന്റെ പ്രൗഢി അതിന്റെ വിസ്തൃതമായ സാമ്രാജ്യങ്ങളിലോ ഇതിഹാസ രാജപരമ്പരകളിലോ മാത്രം ഒതുങ്ങുന്നതല്ല, പ്രകൃതിയോടും വിശ്വാസത്തോടും അനുഭാവപൂര്‍വ്വം ഇണങ്ങി ജീവിക്കുന്ന, അവരുടെ ജീവിതത്തെ സ്വാഭാവികമായി രൂപപ്പെടുത്തിയ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ സമൂഹങ്ങളിലാണ്. അതില്‍ത്തന്നെ, ഭൂമി മാതാവിനോടുള്ള അഗാധമായ ഭക്തിയും ആത്മാഭിമാനത്തിന്റെ അന്വേഷണവും ഒത്തുചേരുന്ന, ഭാരതീയ ആത്മാവിന്റെ ഏറ്റവും പുരാതനവും ഹൃദയസ്പര്‍ശിയുമായ ആവിഷ്‌കാരമാണ് ഗോത്ര സമൂഹങ്ങള്‍.
ഭാരത നഭസ്സില്‍ ചിതറിക്കിടക്കുന്ന ഗോത്ര നക്ഷത്ര സമൂഹത്തില്‍, സമാനതകളില്ലാത്ത പ്രകാശത്തോടെ ‘ധര്‍തി ആബ’ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ പ്രഭയുമുണ്ട്. ഇന്ത്യയിലെ ഗോത്ര ബോധത്തിന്റെ ആത്മാവിനെ വീണ്ടും ജ്വലിപ്പിച്ച അദ്ദേഹത്തിന്റെ പേര് ഇന്ന് ഗോത്ര സ്വത്വത്തിന്റെയും അന്തസ്സിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും തിളക്കമുള്ള ചിഹ്നമായി നിലകൊള്ളുന്നു. ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം അദ്ദേഹത്തിന്റെ ആദരവിന്റെയും സ്മരണയുടെയും രാഷ്‌ട്രത്തോടുള്ള അതിരുകളില്ലാത്ത ദൃഢനിശ്ചയത്തിന്റെയും ഉജ്ജ്വലമായ ആഘോഷമാണ്.
1875 നവംബര്‍ 15-ന് ഇന്നത്തെ ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഉലിഹാട്ടു ഗ്രാമത്തില്‍ ജനിച്ച ഭഗവാന്‍ ബിര്‍സാ മുണ്ട ഒരു സാധാരണ കര്‍ഷകകുടുംബത്തില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ കാഴ്ചപ്പാടും ബുദ്ധിശക്തിയും അസാധാരണമായിരുന്നു. ബാല്യകാലം മുതല്‍ തന്നെ അദ്ദേഹം നേതൃത്വഗുണം, പഠനാതുരത, ആഴത്തിലുള്ള ധ്യാനചിന്ത എന്നിവയുടെ അപൂര്‍വ്വസമന്വയം പ്രകടിപ്പിച്ചിരുന്നു. ഒരു ജര്‍മ്മന്‍ മിഷനറി സ്‌കൂളില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും നയങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു, അവരുടെ നിയന്ത്രണം ഭൂമിയുടെ മേല്‍ മാത്രമല്ല, ജനങ്ങളുടെ അടിമത്ത മനോഭാവത്തിന്റെയും മേല്‍ വ്യാപിച്ചുവെന്ന് തിരിച്ചറിഞ്ഞു. ഈ ബോധ്യമാണ് അദ്ദേഹത്തിനുള്ളില്‍ ഉണര്‍വിന്റെ ആദ്യ വിത്ത് വിതച്ചത്, അത് പിന്നിട് അദ്ദേഹത്തെ ജനസമൂഹത്തിന്റെ പരിപൂര്‍ണ്ണനും ദൈവതുല്യനുമായ നേതാവായും പരിഷ്‌കര്‍ത്താവായും ജനങ്ങള്‍ക്ക് ആത്മീയഗുരുവായും രൂപപ്പെടുത്തി.
”ധര്‍തി ആബ” ഭഗവാന്‍ ബിര്‍സാ മുണ്ട തന്റെ ജീവിതം മാതൃഭൂമിയെയും അതിന്റെ പ്രധാന വിഭവങ്ങളായ ഭൂമി, ജലം, കാടുകള്‍ എന്നിവക്കായി സമര്‍പ്പിച്ച മഹാനായ വ്യക്തിയാണ്. വിദേശാധിപത്യത്തിനെതിരെ പോരാടിയത് മാത്രമല്ല, അനീതിയെയും ചൂഷണത്തെയും സാമൂഹിക അസമത്വത്തെയും അതേ വീര്യത്തോടും ആത്മാര്‍ത്ഥതയോടും അദ്ദേഹം ചെറുത്തുനിന്നു. ഭൂമി ഏറ്റെടുക്കല്‍ എന്ന പേരില്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ വനവാസി സമൂഹത്തിന്റെ പാരമ്പര്യഭൂമികളെ പിടിച്ചെടുക്കാന്‍ ശ്രമിച്ചു അതുവഴി അവരെ സ്വന്തം നാടിനകത്തുതന്നെ അന്യരാക്കി. ഈ നിര്‍ണായക ഘട്ടത്തില്‍ അദ്ദേഹം ഉയര്‍ത്തിയ ”ഈ ഭൂമി നമ്മുടെ അമ്മയാണ്; അത് നമ്മില്‍ നിന്ന് എടുത്തുകൊണ്ടുപോകുവാന്‍ ആര്‍ക്കും കഴിയില്ല.” എന്ന ഉജ്ജ്വല ആഹ്വാനത്തോടെയാണ് 1899-ല്‍ ‘ഉല്‍ഗുലാന്‍’, അഥവാ ജനങ്ങളുടെ മഹത്തായ വിപ്ലവം എന്നറിയപ്പെടുന്ന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അത് സ്വാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മഹാപ്രഖ്യാപനമായിരുന്നു. ബിര്‍സാ മുണ്ടയുടെ നേതൃത്വത്തില്‍ മുണ്ട സൈനികര്‍ സിംഗ്ഭൂം, ഖുന്തി, തമര്‍, സര്‍വാര, ബന്ദ്ഗാവ് എന്നിവിടങ്ങളിലെല്ലാം ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു . വെറും 25 വര്‍ഷം മാത്രമേ അദ്ദേഹത്തിന്റെ ജീവിതം നീണ്ടുനിന്നുള്ളുവെങ്കിലും അദ്ദേഹത്തിന്റെ ധൈര്യവും ദീര്‍ഘവീക്ഷണവും നേതൃത്വവും ചരിത്രത്തില്‍ മായാത്ത മുദ്ര ചാര്‍ത്തി തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബിര്‍സ മുണ്ടയുടെ പോരാട്ടം മതബോധത്തിലും സാംസ്‌കാരിക മൂല്യങ്ങളിലുമാണ് ആഴത്തില്‍ നട്ടുറച്ചിരുന്നത്; അതിനൊപ്പം സാമൂഹ്യ നവോത്ഥാനത്തിന്റെ ആത്മാവും അതിലുണര്‍ന്നിരുന്നു. അടിമത്തം എന്നത് രാഷ്‌ട്രീയമായൊരു ചങ്ങലയല്ല, അതൊരു മാനസിക അവസ്ഥയുമാണ് എന്നത് അദ്ദേഹം വ്യക്തമായി ചൂണ്ടിക്കാട്ടി. അന്ധവിശ്വാസം, കാപട്യം, അടിമത്തം, സാമൂഹിക ഭിന്നത എന്നിവയെല്ലാം ഉപേക്ഷിക്കാന്‍ അദ്ദേഹം ഗോത്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അധ്വാനം, സത്യം, ആത്മാഭിമാനം എന്നിവയെ തന്റെ ആത്മീയ തത്ത്വചിന്തയുടെ കേന്ദ്രസ്ഥാനത്ത് അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രകൃതി പവിത്രമായിരുന്നു; ഭൂമിയും ജലവും കാടുകളും പര്‍വ്വതങ്ങളും എല്ലാം ആരാധനയ്‌ക്കുള്ള വിശുദ്ധ പ്രതീകങ്ങളായി അദ്ദേഹം കണക്കാക്കി. തന്റെ ജനത ഭൂമിയോട് ബന്ധം നഷ്ടപ്പെടുത്തുന്ന ദിനം മുതല്‍ അവളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാകും എന്ന മുന്നറിയിപ്പ് അദ്ദേഹം നല്‍കിയിരുന്നു. ഇന്നത്തെ പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്ഥിരമായ വികസനത്തിന്റെയും യുഗത്തില്‍ പോലും ആ സന്ദേശം അത്രത്തോളം ശക്തമായ പ്രതിധ്വനിയായി തുടരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം നവംബര്‍ 15-നെ ഗോത്രവര്‍ഗ്ഗങ്ങളുടെ അഭിമാന ദിനമായി പ്രഖ്യാപിച്ചപ്പോള്‍, അത് മഹാനായ നായകന് നല്‍കുന്ന ആദരവിനപ്പുറം, രാജ്യത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്തുന്ന, വിസ്മൃതിയിലാണ്ട ഒരു ചരിത്രത്തിന്റെ പുനരുജ്ജീവനമായിരുന്നു. വനങ്ങളിലും മലകളിലും അതിര്‍ത്തി പ്രദേശങ്ങളിലുമുള്ള ദുരിതങ്ങള്‍ക്കിടയിലും സ്വാതന്ത്ര്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും ജ്വാലയെ ഹൃദയത്തില്‍ കൊണ്ടുനടന്ന എണ്ണമറ്റ ഗോത്ര നേതാക്കളെ ഈ ബഹുമതി ആദരിക്കുന്നു. 2025-നെ ഗോത്രവര്‍ഗ്ഗങ്ങളുടെ അഭിമാന വര്‍ഷമായി പ്രഖ്യാപിച്ചത്, സാമ്പത്തിക വളര്‍ച്ച മാത്രമല്ല, സാംസ്‌കാരിക നവോത്ഥാനം, അന്തസ്സ്, ആത്മാഭിമാനത്തിന്റെ ആഘോഷം എന്നിവയെയും ഉള്‍ക്കൊള്ളുന്ന ഒരു ദീര്‍ഘവീക്ഷണത്തെ തുടര്‍ന്നുള്ളതാണ് ഉത്തര്‍പ്രദേശിലെ ഭൂമി ഗോത്ര പാരമ്പര്യങ്ങളുടെ സമ്പന്നമായ പൈതൃകത്തിനുള്ള ജീവനുള്ള ഉദാഹരണമാണ്. താരു, ഗോണ്ട്, കോള്‍, ഭുയിന്യ, ചെറോ, ഖാര്‍വാര്‍, വന്താങ്ഗിയ തുടങ്ങിയ സമൂഹങ്ങള്‍ സംസ്ഥാനത്തിന്റെ സാംസ്‌കാരിക അടിത്തറയില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. ഈ സമൂഹങ്ങളുടെ അധ്വാനം, നാടന്‍ കല, ജീവിതരീതി എന്നിവ ‘ധര്‍തി ആബ’യുടെ കാലാതീതമായ ചൈതന്യം, പ്രകൃതിയോടുള്ള സ്‌നേഹം, അധ്വാനത്തോടുള്ള ആദരവ്, മാതൃഭൂമിയോടുള്ള ഭക്തി എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
ഗോത്രവര്‍ഗ്ഗക്കാരുടെ ക്ഷേമവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. സോന്‍ഭദ്ര, മിര്‍സാപൂര്‍, ലഖിംപൂര്‍ ഖേരി, ബല്‍റാംപൂര്‍ തുടങ്ങിയ ജില്ലകളില്‍ സര്‍ക്കാര്‍ ആശ്രമ സ്‌കൂളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബല്‍റാംപൂരിലെ ഇംലിയ കോഡറിലുള്ള താരു ട്രൈബല്‍ മ്യൂസിയം അവരുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പ്രയാഗ് രാജിലെ മഹാകുംഭം 2025-ലെ ട്രൈബല്‍ എക്‌സിബിഷന്‍ പോലുള്ള വേദികള്‍ ഈ സമൂഹങ്ങള്‍ക്ക് അംഗീകാരവും ശബ്ദവും നല്‍കി
ഗോരഖ്പൂര്‍, മഹാരാജ്ഗഞ്ച്, സമീപ പ്രദേശങ്ങളിലെ വന്താങ്ഗിയാ സമൂഹത്തിന്റെ പുനരധിവാസവും കുടിവെള്ളം, റോഡുകള്‍, വൈദ്യുതി, ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം എന്നിവയുടെ ലഭ്യത ഉറപ്പാക്കിയതും വഴി, വികസനം എല്ലാ ഗോത്ര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഏഴ് ദശാബ്ദത്തിലേറെയായി സ്വത്വ പ്രതിസന്ധി നേരിട്ട വന്താങ്ഗിയാ സമൂഹത്തിന് ഇപ്പോള്‍ ഒരു റവന്യൂ ഗ്രാമമെന്ന അംഗീകാരവും വോട്ടവകാശവും സ്വതന്ത്രമായ വ്യക്തിത്വവും സ്വയംപര്യാപ്തതയ്‌ക്കുള്ള മാര്‍ഗ്ഗങ്ങളും ലഭിച്ചിരിക്കുന്നു. ഈ പരിവര്‍ത്തനം ‘അന്ത്യോദയ’ത്തിന്റെ യഥാര്‍ത്ഥ സത്ത ഉള്‍ക്കൊള്ളുന്നു, അതായത് ഏറ്റവും പിന്നിലുള്ളവരെപ്പോലും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു
ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജീവിതം പഠിപ്പിക്കുന്നത് യഥാര്‍ത്ഥ സ്വരാജ് എന്നത് ഒരു രാഷ്‌ട്രീയ മാറ്റം മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഒരു രാഷ്‌ട്രം അതിന്റെ മൂല്യങ്ങള്‍, പാരമ്പര്യങ്ങള്‍, സംസ്‌കാരം എന്നിവയുമായി ബന്ധം നിലനിര്‍ത്തുമ്പോള്‍ ശക്തി പ്രാപിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു. അതേ തത്വത്തില്‍ നയിക്കപ്പെട്ട്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓരോ വ്യക്തിക്കും ബഹുമാനം ഉറപ്പാക്കാനും, എല്ലാ സമൂഹത്തിനും അവസരങ്ങള്‍ നല്‍കാനും, എല്ലാ പ്രദേശത്തിനും സമൃദ്ധി ഉറപ്പാക്കാനും ശ്രമിക്കുന്നു. സര്‍വോദയയിലേക്കുള്ള ഒരു ചുവടുവയ്‌പ്പായ അന്ത്യോദയയുടെ ഈ കാഴ്ചപ്പാട് ‘ഭൂമി ആബ’യുടെ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച ‘സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്, സബ്ക പ്രയാസ്’ എന്ന ആഹ്വാനത്തില്‍ ഇത് പ്രതിഫലിക്കുന്നു
‘ധാര്‍തി ആബ’ ഭഗവാന്‍ ബിര്‍സ മുണ്ട അഭിമാനകരമായതും അജയ്യവുമായ ഇന്ത്യന്‍ സ്വത്വത്തിന്റെ ശാശ്വതമായ പ്രതീകമാണ്. ഒരു സമൂഹം അതിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയേ നിലനില്‍ക്കൂ എന്നോര്‍മ്മിപ്പിക്കുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. സത്യത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ശക്തിക്ക് അദ്ദേഹത്തിന്റെ ജീവിതം ഉദാഹരണമാണ്. സാധാരണ വ്യക്തികള്‍ക്ക് പോലും അസാധാരണമായ കാര്യങ്ങള്‍ നേടാനും ചരിത്രം രൂപപ്പെടുത്താനും കഴിയും എന്ന് അദ്ദേഹം നമ്മെ കാണിച്ചുതരുന്നു. അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍, ഭാരതത്തിലെ എല്ലാ ഗോത്രവര്‍ഗ്ഗക്കാരും അന്തസ്സോടും വിദ്യാഭ്യാസത്തോടും അവസരങ്ങളോടും ആത്മാഭിമാനത്തോടും കൂടി അഭിവൃദ്ധി പ്രാപിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. കാരണം, സമൂഹത്തിലെ ഓരോ അംഗവും രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വികസനം സാധ്യമാകൂ
”ധര്‍തി ആബ” ഭഗവാന്‍ ബിര്‍സാ മുണ്ടയ്‌ക്ക് എന്റെ ഹൃദയാഭിവാദ്യങ്ങള്‍
ജയ് ജോഹാര്‍!
















