തിരുവനന്തപുരം: നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ജനപക്ഷ ഭരണത്തിനുള്ള അംഗീകാരമാണ് ബീഹാറിലെ മഹാവിജയമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച ജനക്ഷേമ പദ്ധതികള്‍ക്കുള്ള മറുപടി ജനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ബീഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദം പങ്കുവച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.
മോദിയുടെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. രാജ്യത്ത് തുടര്‍ന്നും മോദിയുടെ ഭരണം മതിയെന്ന നിശ്ചയദാര്‍ഢ്യം കൂടിയാണ് ജനവിധി. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ എല്ലാവരും മോദിയുടെ ഗ്യാരണ്ടിക്കൊപ്പം അണിചേര്‍ന്നെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വി. മുരളീധരന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി അപക്വമായ പരാമര്‍ശങ്ങളും ആരോപണങ്ങളും അവസാനിപ്പിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താന്‍ പറ്റൂ. ബീഹാറില്‍ വീമ്പുപറഞ്ഞ എം.എ. ബേബിയുടെയും ബിനോയ് വിശ്വത്തിന്റെയും പാര്‍ട്ടികള്‍ പച്ച തൊട്ടില്ല. ജനം ആരെയാണ് വിശ്വസിക്കുന്നത് എന്ന് ഇടതുപക്ഷം തിരിച്ചറിയട്ടെ എന്നും മുന്‍ കേന്ദ്രമന്ത്രി പ്രതികരിച്ചു.
വികസനം ആഗ്രഹിക്കുന്ന ജനം ഏത് ദിശയില്‍ നീങ്ങുന്നുവെന്ന സൂചന കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. തദ്ദേശ തെരഞ്ഞെടുപ്പിന് അരികെ കേരളത്തിലെ ജനവും മാറി ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















