ന്യൂഡൽഹി: നവംബർ 25-ന് അയോധ്യയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തുവെന്ന നിർണായക സൂചനകൾ പുറത്തുവന്നു.
ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലഖ്‌നൗവിൽ പിടിയിലായ ഡോ. ഷാഹീൻ ഷാഹിദിനെയും, ഡോ. പര്വേസ് സയീദ് അൻസാരിയെയും ചോദ്യം ചെയ്യുന്നതിനിടെ തന്നെയാണ് ഗൂഢാലോചനയുടെ രൂപം വ്യക്തമാകുന്നത്.
അയോധ്യയിലെ തർക്കമന്ദിരം ഇടിഞ്ഞതിന്റെ വാർഷിക ദിനമായ ഡിസംബർ 6-നു രാജ്യത്തെ നടുക്കുന്ന സ്‌ഫോടനങ്ങൾ നടത്തുന്നതിനും അവർ തയ്യാറെടുത്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
രാമജന്മഭൂമി ക്ഷേത്രനിർമാണം പൂർത്തിയായതിന്റെ ഭാഗമായി നവംബർ 25-ന് പ്രധാനമന്ത്രി മോദി ക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള മുഖ്യ ഗോപുരത്തിൽ കാവി പതാക ഉയർത്തും. ആദ്യമായാണ് ക്ഷേത്രത്തിലെ എല്ലാ ഏഴ് ഗോപുരങ്ങളിലും കേശരി പതാകകൾ ഉയരുന്നത്. അയോധ്യ മുഴുവൻ ഇപ്പോൾ കാവി പതാകകൾ, പുഷ്പാലങ്കാരങ്ങൾ, വർണ്ണപ്രകാശങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിക്കുകയാണ്.
പുതിയ ഭീഷണി മുന്നിൽ കണ്ടാണ് കേന്ദ്ര–സംസ്ഥാന ഏജൻസികൾ അയോധ്യയിലെയും ചുറ്റുപാടുകളിലെയും സുരക്ഷ കർശനമാക്കി. പ്രധാനമന്ത്രി എത്തുന്ന ദിനത്തിൽ നഗരത്തിലാകെ ബഹുനില സുരക്ഷാ വലയമൊരുക്കും.
ടൂറിസം–കൾച്ചർ വകുപ്പ് നവംബർ 21 മുതൽ 25 വരെ രാമകഥാവേദികൾ, ഭക്തിഗാനങ്ങൾ, ശാസ്ത്രീയ നൃത്തം, നാട്ടുസ്വരങ്ങൾ എന്നിവ ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. പ്രശസ്ത കലാകാരന്മാർ പങ്കെടുക്കും
















