പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശബരിമലയിലെ കട്ടിളപാളികള്‍, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്‌ക്ക് എസ്‌ഐടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വഴി തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ക്ക് അപേക്ഷ നല്കി. പാളികള്‍ ഇളക്കി ശാസ്ത്രീയമായി പരിശോധിക്കുന്നതിനു മുമ്പ് താന്ത്രിക പൂജകളാവശ്യമായതിനാലാണ് തന്ത്രിക്ക് അപേക്ഷ കൊടുത്തത്. ശബരിമല ശ്രീകോവിലില്‍ 1998ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്നു കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പരിശോധന.
പാളികളിലെ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം, പൂശിയ സ്വര്‍ണത്തിന്റെ കാരറ്റ് എന്നിവ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ഒരു സെന്റിമീറ്റര്‍ സ്വര്‍ണം ഇളക്കി മാറ്റി പരിശോധിക്കും. 2019ല്‍ സ്വര്‍ണം പൂശിയ കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും കെമിക്കല്‍, ഇലക്ട്രിക്കല്‍, മൈക്രൊ സ്ട്രക്ചറല്‍ പരിശോധനകള്‍ക്കു വിധേയമാക്കും.
ഭാര പരിശോധനയ്‌ക്കു പാളികള്‍ ഇളക്കിയെടുക്കണം. മണ്ഡല കാലം 17ന് ആരംഭിക്കുന്നതിനാല്‍ 16ന് വൈകിട്ട് അഞ്ചിനു നട തുറക്കും. പിന്നീടു പരിശോധന പ്രയാസമാകും. പാളികള്‍ ഇളക്കുന്നതിന് അനുജ്ഞാ പൂജയ്‌ക്കായി പ്രത്യേകം നട തുറക്കാനാകുമോയെന്നത് സംശയമാണ്. അതിനാല്‍ എസ്‌ഐടിക്ക് തന്ത്രി മറുപടി നല്കിയിട്ടില്ല.
അതിനിടെ ദേവസ്വം മുന്‍ സെക്രട്ടറിയും സ്വര്‍ണക്കൊള്ള കേസിലെ നാലാം പ്രതിയുമായ തിരുവല്ല സ്വദേശി എസ്. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്നലെ തള്ളി. സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളെന്ന ദേവസ്വം രേഖ പരിഗണിക്കാതെ ചെമ്പുതകിടുകളെന്ന് മിനിറ്റ്‌സില്‍ രേഖപ്പെടുത്തി ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരേയുള്ള കുറ്റം.
രോഗ വിവരങ്ങള്‍ കാണിച്ച് ജയശ്രീ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിരുന്നു. എന്നാല്‍ കീഴ്‌കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. അതിനാലാണ് പത്തനംതിട്ട സെഷന്‍സ് കോടതിയിലെത്തിയത്. എറണാകുളം കാക്കനാട്ട് താമസിക്കുന്ന ജയശ്രീക്ക് ഒരിക്കല്‍ക്കൂടി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കാം.
















