ബെയ്ജിങ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പുതുതായി നിര്‍മിച്ച ഹോങ്കി പാലം തകര്‍ന്നു. സപ്തംബറിലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. എന്‍ജിനീയറിങ് മികവില്‍ ധാരാളം പ്രശംസകള്‍ നേടിയ പാലമാണ് ഹോങ്കി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മധ്യചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായിരുന്ന 758 മീറ്റര്‍ നീളമുള്ള പാലം, വിള്ളലുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പാലം തകര്‍ന്നു.
ഷുവാങ്ജിയാങ്കു ജലവൈദ്യുത നിലയത്തിനും അണക്കെട്ടിനും സമീപമുള്ള പാലം, മലയിടുക്കിന്റെ അടിത്തട്ടില്‍ നിന്ന് ഏകദേശം 625 മീറ്റര്‍ ഉയരത്തിലായിരുന്നു. ചെങ്കുത്തായതും മണ്ണിടിച്ചില്‍ സാധ്യതയുള്ളതുമായ ഈ പ്രദേശത്തെ ഭൂമിശാസ്ത്രപരമായ അസ്ഥിരതയാണ് പാലം തകരാനുള്ള കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍.
















