അമ്രേലി: പശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് ഗജറാത്തിലെ അമ്രേലി ജില്ലയിലെ സെഷൻസ് കോടതി. ഗുജറാത്തിൽ പശുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത് ഇതാദ്യമാണ്. 2017 ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
കാസിം ഹാജി സോളങ്കി, സത്താർ ഇസ്മായിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്ന് പ്രതികളെയും സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ചൊവ്വാഴ്ച കുറ്റക്കാരായി പ്രഖ്യാപിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (എസ്‌പിപി) ചന്ദ്രേഷ് മേത്ത പറഞ്ഞു. 2023 ൽ അമ്രേലി നഗരത്തിൽ വച്ച് ചിലർ പശുക്കളെ പിടികൂടി അറുക്കുകയും ബീഫ് വിൽക്കുകയും ചെയ്യുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.
തുടർന്ന് പോലീസ് നഗരത്തിലെ ഒരു വീട് റെയ്ഡ് ചെയ്യുകയും 40 കിലോ ബീഫ്, കശാപ്പ് ചെയ്ത പശുക്കളുടെ ശരീരഭാഗങ്ങൾ, ഇതിനായി ഉപയോഗിച്ച ഉപകരണങ്ങൾ എന്നിവ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുക്കുകയും ചെയ്തു. കാസിം സോളങ്കിയെ ഉടൻ പിടികൂടിയെങ്കിലും മറ്റ് രണ്ട് പ്രതികൾ ഓടി രക്ഷപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പശു സംരക്ഷണത്തിനും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജിതു വഘാനി പറഞ്ഞു.
“ഇന്ത്യൻ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രബിന്ദുവാണ് പശു. ഗോവധം പോലുള്ള കുറ്റകൃത്യങ്ങൾക്ക് സംസ്ഥാന സർക്കാർ ഒരു ദയയും കാണിക്കില്ല,” വഘാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചരിത്ര വിധിയാണ് കോടതിയിൽ നിന്നും ഉണ്ടയതെന്ന് ജിതു വഘാനി പ്രതികരിച്ചു.
ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരം ഒരു പ്രതിക്ക് 5,00,000 രൂപ (ആകെ 15 ലക്ഷം രൂപ) പിഴ ചുമത്തിയതായി മേത്ത പറഞ്ഞു. നിയമത്തിലെ സെക്ഷൻ 6 (ബി) പ്രകാരം (ബീഫ് അല്ലെങ്കിൽ ബീഫ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ എതിരായ നിരോധനം) ഏഴ് വർഷം തടവും 1,00,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചില മൃഗങ്ങളെ കൊല്ലുക, വിഷം കൊടുക്കുക, അംഗഭംഗം വരുത്തുക, അല്ലെങ്കിൽ ഉപയോഗശൂന്യമാക്കുക എന്നീ കുറ്റങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകൾ പ്രകാരവും അവർ കുറ്റക്കാരാണെന്ന് കണ്ടെത്തി.
















