ന്യൂഡൽഹിlഭൂട്ടാൻ രാജാവ് ആദരണീയ ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്കിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 11 മുതൽ 12 വരെ ഭൂട്ടാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. ഭൂട്ടാനിലെ നാലാമത്തെ രാജാവ് ജിഗ്മേ സിംഗേ വാങ്ചുക്കിന്റെ 70-ാം ജന്മവാർഷികാഘോഷത്തിലും തിംഫുവിൽ നടന്ന ആഗോള സമാധാന പ്രാർത്ഥനാ ഉത്സവത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
സന്ദർശന വേളയിൽ, ഭൂട്ടാൻ രാജാവും പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന ഉന്നതതല ചർച്ചയിൽ ഉഭയകക്ഷി സഹകരണം, പ്രാദേശിക-ആഗോള വിഷയങ്ങൾ, വികസന പദ്ധതികൾ എന്നിവ പ്രധാനമായി ചർച്ചയായി. നവംബർ 10-ന് ഡൽഹിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഭൂട്ടാൻ രാജാവ് അനുശോചനം രേഖപ്പെടുത്തി.
ഭൂട്ടാന്റെ പതിമൂന്നാം പഞ്ചവത്സര പദ്ധതിക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ ആവർത്തിച്ച് ഉറപ്പു നൽകുകയും ഗെലെഫു മൈൻഡ്‌ഫുൾനെസ് സിറ്റിയുടെ വികസനത്തിന് അസമിലെ ഹാറ്റിസറിൽ പുതിയ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി മോദിയും ഭൂട്ടാൻ രാജാവും ചേർന്ന് 1020 മെഗാവാട്ട് ശേഷിയുള്ള പുനത്സാങ്ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലേക്ക് വൈദ്യുതി വിതരണം ആരംഭിച്ചതിനെയും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. 1200 മെഗാവാട്ട് ശേഷിയുള്ള പുനത്സാങ്ചു-I പദ്ധതിയുടെ പണി പുനരാരംഭിക്കുന്നതിലും നേതാക്കൾ ധാരണയായി.
അതിർത്തി കണക്റ്റിവിറ്റി, ലജിസ്റ്റിക്‌സ്, റെയിൽ ബന്ധങ്ങൾ, ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകൾ എന്നിവയുടെ വികസനത്തിൽ ഇരുരാജ്യങ്ങളും പുതിയ കരാറുകൾ ഒപ്പുവച്ചു. STEM, ഫിൻടെക്, സ്പേസ് മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും തീരുമാനമായി. ഭൂട്ടാനിൽ QR അധിഷ്ഠിത UPI പേയ്‌മെന്റ് സംവിധാനത്തിന്റെ രണ്ടാമത്തെ ഘട്ടം ആരംഭിച്ചതിൽ ഇരുവിഭാഗങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.
മൂന്ന് പ്രധാന ധാരണാപത്രങ്ങൾ ഒപ്പുവച്ചു:
പുനരുപയോഗ ഊർജ്ജ മേഖലയിൽ സഹകരണം
ആരോഗ്യ-വൈദ്യ മേഖലയിൽ സഹകരണം
മാനസികാരോഗ്യ മേഖലയിൽ സ്ഥാപന ബന്ധങ്ങൾ
രാജ്ഗിറിലെ റോയൽ ഭൂട്ടാൻ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയെയും വാരാണസിയിൽ പുതിയ ഭൂട്ടാൻ ക്ഷേത്രത്തിനും അതിഥി മന്ദിരത്തിനും ഭൂമി അനുവദിച്ചതിനെയും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു.
ഇന്ത്യ-ഭൂട്ടാൻ പങ്കാളിത്തം ആഴമുള്ള വിശ്വാസം, സൗഹൃദം, പരസ്പര ബഹുമാനം എന്നിവയിൽ അധിഷ്ഠിതമാണെന്ന് സംയുക്ത പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ സന്ദർശനം ഇരുരാജ്യങ്ങളുടെയും ഉന്നതതല ബന്ധങ്ങളുടെ തുടർച്ചയായ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തിയതായും രേഖപ്പെടുത്തി.
















