വികസനം എന്നാല്‍ പരമ്പരാഗതമായ കാര്യങ്ങളോടുള്ള മുഖം തിരിക്കല്‍ എന്നല്ല, മറിച്ചു കാലാനുസൃതമായി പരിഷ്‌കരിച്ചു തനിമ ചോരാതെ നിലവിലുള്ളവയെ നിലനിര്‍ത്തല്‍ കൂടിയാണ്. എല്ലാ വികസിത രാഷ്‌ട്രങ്ങളും അവരുടെ സംസകാരം, ആദര്‍ശം, ദര്‍ശനം ഇവയിലൂന്നിയുള്ള വികസനമാണ് നടപ്പാക്കുന്നത്. ചൈന പോലെയുള്ള രാജ്യങ്ങള്‍ പുരോഗതിയുടെ പടവുകള്‍ കയറുമ്പോഴും ആചാരാനുഷ്ടാനങ്ങളില്‍ നിന്നകന്നു പോയിട്ടില്ല. എന്നാല്‍ ഭാരതീയര്‍ മഹത്തായ പൈതൃകത്തെ എത്ര കണ്ടു മാനിക്കുന്നുണ്ട്? കേരളത്തിന്റെ കാര്യവും ഭിന്നമല്ല. പുത്തന്‍ തലമുറ ഭാരത സംസ്‌കാരത്തെയോ, സമ്പന്നമായ വിജ്ഞാനത്തെയോ അറിയാന്‍ ശ്രമിക്കുന്നില്ല എന്നത് വേദനാജനകമാണ്.
ആരാധനാ സമ്പ്രദായത്തിന്റെയും ക്ഷേത്രോത്സവത്തിന്റെയും ഭാഗമായി ധാരാളം കലകള്‍ ഇവിടെ നിലനിന്നിരുന്നു. പഞ്ചവാദ്യം, തെയ്യം, പടയണി, കൂത്ത്, കൊട്ടിപ്പാടിസേവ, അഷ്ടപദി, കൃഷ്ണനാട്ടം, യക്ഷഗാനം, പുള്ളുവന്‍പാട്ട്, വേലകളി, തോറ്റംപാട്ട്, കളമെഴുത്തുപാട്ട്, ബ്രാഹ്‌മണിപ്പാട്ട് എന്നിങ്ങനെ പട്ടിക നീളുന്നു. നാശത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന പ്രസ്തുത കലകളില്‍ പലതും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതില്‍ ഏറെ പൈതൃകവും ചരിത്രവുമുള്ള ക്ഷേത്രകലയാണ് ബ്രാഹ്‌മണിപ്പാട്ട്. ഇന്ന് മിക്കവര്‍ക്കും ഈ കലയെപറ്റി ധാരണ ഉണ്ടെന്നുതോന്നുന്നില്ല. സ്ത്രീകള്‍ക്കു മാത്രം പാടാന്‍ അവകാശം നല്കപ്പെട്ട ക്ഷേത്രകലയാണ് ബ്രാഹ്‌മണിപ്പാട്ട്. ഇത് ആലപിക്കുന്ന സ്ത്രീകളെ ബഹുമാനപുരസ്സരം ബ്രാഹ്‌മണിയമ്മ എന്ന് വിളിക്കുന്നു. സ്ത്രീകള്‍ക്ക് ഏറെ ബഹുമാനവും സംരക്ഷണവും പണ്ട് കാലത്തു ലഭിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഇത്. ഇന്നു സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വളരെ കൂടാന്‍ കാരണം നാം ആര്‍ഷ സംസ്‌കാരത്തില്‍ നിന്ന് വളരെ അകന്നതാണ്.
പൗരാണിക ഭാരതം സ്ത്രീകള്‍ക്ക് എല്ലാ മേഖലയിലും പ്രാതിനിധ്യം നല്‍കിയിരുന്നതിന്റെ തെളിവാണ് സ്ത്രീകള്‍ക്കായി മാത്രം സൃഷ്ടിക്കപ്പെട്ട ഇത്തരം കലാരൂപങ്ങള്‍. ബ്രാഹ്‌മണിപ്പാട്ടിന്റെ ഉത്പത്തിയെക്കുറിച്ചു ആധികാരികമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ മധ്യ കേരളത്തിലെ ക്ഷേത്രങ്ങളില്‍ പ്രധാന അനുഷ്ടാനമായി ബ്രാഹ്‌മണിപ്പാട്ട് നിലനിന്നു പോരുന്നു.
ഈ കലാരൂപത്തെ നിലനിര്‍ത്താനോ, പരിപോഷിപ്പിക്കാനോ ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും യാതൊരു ശ്രമങ്ങളും ഉണ്ടാകുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം. വിരലിലെണ്ണാവുന്ന ബഹ്‌മണിപ്പാട്ടു കലാകാരികളേ ഇന്നുള്ളൂ. അവരെ തിരഞ്ഞു പിടിച്ചു ഈ പാട്ടുകള്‍ ശേഖരിക്കാനോ പുതിയവ സൃഷ്ടിക്കുവാനോ, നിലവിലുള്ള പാട്ടുകള്‍ സംരക്ഷിക്കാനോ യാതൊരു ശ്രമവും ഉണ്ടാവുന്നില്ല. ക്ഷേത്രങ്ങളിലും നമ്പൂതിരി ഇല്ലങ്ങളിലും ഒരു കാലത്തു വലിയ തയാറെടുപ്പുകളോടെയാണ് ബ്രാഹ്‌മണിപ്പാട്ട് അവതരിപ്പിച്ചിരുന്നത്. പീഠവും മടയും വച്ച് നടത്തപ്പെടുന്ന ഈ ചടങ്ങിന് സാമൂഹിക, കാര്‍ഷിക പ്രാധാന്യം ഏറെ ഉണ്ട്.

അലങ്കരിച്ച പീഠത്തില്‍ സമര്‍പ്പിക്കുന്ന വാല്‍ക്കണ്ണാടി ദേവിയുടെ പ്രതിരൂപമാണ്. ഇതിനോടൊപ്പം നാളികേരം, വെറ്റില, അടയ്‌ക്ക, നിലവിളക്ക് എന്നിവ പീഠത്തിനു മുന്‍പില്‍ ഒരുക്കിയ ഉണക്കലരിക്കളത്തില്‍ വയ്‌ക്കും. പൂജയ്‌ക്കായി താലത്തില്‍ പൂജാദ്രവ്യങ്ങള്‍ തയ്യാറാക്കി ആവണിപ്പലകയില്‍ ഭഗവതി പീഠത്തിനു മുന്‍പില്‍ വയ്‌ക്കും. എല്ലാ പൂജകളിലെയും പോലെ ഗണപതിയേയും ഭഗവതിയെയും സ്മരിച്ചു പ്രാര്‍ത്ഥന അര്‍പ്പിച്ചശേഷം പാട്ട് ആരംഭിക്കുന്നു.
ഇപ്പോള്‍ ഏതാനും പ്രധാന ക്ഷേത്രങ്ങളില്‍ മാത്രമേ ബ്രാഹ്‌മണിപ്പാട്ട് അവതരിപ്പിക്കപ്പെടുന്നുള്ളൂ. ലളിതസംഗീത ശാഖയില്‍ ഉള്‍പ്പെടുത്താവുന്ന ഈ കലയുടെ ആധാരം ഭാഗവതിയുമായി ബന്ധപ്പെട്ടതാണ്. വേദോച്ചാരണം പോലെ ലളിതമായാണ് ഇതു ചിട്ടപ്പെടുത്തിയിട്ടുള്ളത്. കാവ്യാത്മക വരികളാല്‍ സമ്പന്നമായ ഇവ ശ്രവ്യസുന്ദരമാണ്. ഏതാണ്ട് പുള്ളുവന്‍പാട്ടിന്റെ രീതികളോട് ഇതിനെ ഉപമിക്കാം. ഏറെ വാദ്യങ്ങളുടെ അകമ്പടിയില്ലാതെയാണ് അവതരണം. ചേങ്ങിലത്താളം ആണ് പ്രധാന അകമ്പടിമേളം. പിച്ചളക്കിണ്ണത്തില്‍ കത്തികൊണ്ട് തട്ടി താളമിടുന്ന രീതി പണ്ട് അവലംബിച്ചിരുന്നു. നോക്കി വായിക്കുന്നതിനു പകരം ഹൃദിസ്ഥമാക്കി ആലപിക്കുകയാണ് ചെയ്യുന്നത്. ഇവയുടെ വരികള്‍ ഗ്രന്ഥരൂപത്തില്‍ സൂക്ഷിക്കേണ്ട കാലം അതിക്രമിച്ചു.
മഹാദേവന്റെ തൃക്കണ്ണിലെ ക്രോധാഗ്‌നിയില്‍ ഉത്ഭവിച്ച ഭദ്രകാളി ദാരികനെ വധിച്ച കഥയാണ് ബ്രാഹ്‌മണിപ്പാട്ടിന്റെ മുഖ്യ ഇതിവൃത്തം. തൃശൂര്‍ പാറമേക്കാവ് ദേവീക്ഷേത്രം, എറണാകുളം പള്ളുരുത്തി അഴകിയ കാവ് ദേവീക്ഷേത്രം, തിരുവൈരാണിക്കുളം ദേവീക്ഷേത്രം, കൂടല്‍മാണിക്യം ക്ഷേത്രം എന്നിവിടങ്ങളില്‍ ഈ കലാരൂപം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്നു. ദാരികവധത്തിനു ശേഷം ദേവിയുടെ ഭൂതഗണങ്ങളുടെ ആഘോഷത്തെ സൂചിപ്പിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് പാറമേക്കാവില്‍ ബ്രാഹ്‌മണിപ്പാട്ട് അവതരിപ്പിക്കുന്നത്. ഇരുപത്തി ഒന്ന് ദിവസത്തെ താലപ്പൊലി ഉത്സവത്തിന്റെ ഭാഗമായി അഴകിയകാവ് ക്ഷേത്രത്തില്‍ ഇത് അവതരിപ്പിക്കപ്പെടുന്നു. ദാരികവധത്തിനു ശേഷം ആഹ്ലാദത്തോടെ എത്തുന്ന ദേവിയെയാണ് ഇവിടെ കളത്തില്‍ വരക്കുന്നത്. വര്‍ഷത്തില്‍ ഏതാനും ദിവസങ്ങള്‍ മാത്രം തുറക്കുന്ന തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പുത്സവത്തിന്റെ ഭാഗമായും ഇത് നടത്തപ്പെടുന്നു. കൂടല്‍മാണിക്യ ക്ഷേത്രത്തിലും വലിയവിളക്ക് ഉത്സവസമയത്ത് ശീവേലിക്കു ശേഷം തിടമ്പ് അകത്തേക്ക് എഴുന്നള്ളിക്കുന്നതിനു മുന്‍പായി ബ്രാഹ്‌മണിയമ്മ ഭഗവതിപ്പാട്ട് പാടുന്നു. തൃശൂര്‍ ഊരകം ക്ഷേത്രത്തിലും ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്.

ഇത്രയൊക്കെ പ്രത്യേകതകളുള്ള ഈ കലാരൂപം സംരക്ഷിക്കേണ്ട ദൗത്യം ആരെറ്റെടുക്കും? രേഖപ്പെടുത്തിയിട്ടുള്ള ചുരുക്കം ചില പാട്ടുകളേക്കാള്‍ എത്രയോ മടങ്ങു പാട്ടുകള്‍ രേഖപ്പെടുത്താതെ നഷ്ടമായിട്ടുണ്ടാകും. ഈ കലാരൂപം അതിന്റെ തനിമയോടെ അവതരിപ്പിക്കുന്ന ചുരുക്കം കലാകാരികളേ ഇന്നുള്ളു. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുള്ള ബ്രാഹ്‌മണിപ്പാട്ട് ഇനിയെത്രകാലം കൂടി ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി കാണും എന്നതും സംശയമാണ്. കേരളസംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്‌കാരം നല്‍കി ആദരിച്ച ഇരിങ്ങാലക്കുട സ്വദേശിനി പദ്മിനി ബ്രാഹ്‌മണിയമ്മ, രുക്മിണിയമ്മ, മുണ്ടോലി രാധ എന്നീ കലാകാരികള്‍ ഈ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്. രാധാ ബ്രാഹ്‌മണിയമ്മ ത്യശൂര്‍ ജില്ലയിലെ കുട്ടനല്ലൂര്‍ പൂരത്തിനു കുട്ടനെല്ലൂര്‍ ദേവീ ക്ഷേത്രത്തില്‍ ബഹ്‌മണിപ്പാട്ടു പാടുന്നുണ്ട്.
പണ്ടുകാലത്തു എറണാകുളം ജില്ലയിലെ നമ്പീശന്‍ സമുദായത്തില്‍ പെട്ട സ്ത്രീകള്‍ക്ക് ഓട്ടുകിണ്ണം സ്ത്രീധനമായി നല്‍കി വന്നിരുന്നു. ഈ കിണ്ണം ബ്രാഹ്‌മണിപ്പാട്ടിന് താളമിടാന്‍ ഉപയോഗിച്ചിരുന്നു. ദാരികവധത്തോടൊപ്പം മഹിഷാസുര നിഗ്രഹം, ഭഗവതിയുടെ കേശാദിപാദ വര്‍ണന എന്നിവയും ഇതിന്റെ ഇതിവൃത്തമാകുന്നു. ശുദ്ധ കേരളീയ സംഗീതത്തിനു സോപാനച്ഛായ കൈവരിക്കുമ്പോള്‍ അത് ബ്രാഹ്‌മണിപ്പാട്ടിന്റെ കാതലായി വര്‍ത്തിക്കുന്നു. ശാസ്ത്രീയ സംഗീതം ഒട്ടും കലരാത്ത ബ്രാഹ്‌മണിപ്പാട്ട് പഴയ കാല സംഗീതത്തിന്റെ ബാക്കിപത്രമാണ്. ഇപ്രകാരം ഏറെ പ്രത്യേകതകളുള്ള ഈ കലാരൂപം ഇന്ന് നിലനില്‍പ്പിനായി കേഴുകയാണ്. നമുക്ക് പൈതൃകമായി ലഭിച്ച ആചാരാനുഷ്ടാനങ്ങള്‍ നില
നിര്‍ത്തേണ്ടതും പിന്തുടരേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്. നശിച്ചു പോകാതെ ഈ വിശുദ്ധ കലാസൃഷ്ടിയുടെ പെരുമ പൂര്‍വാധികം പ്രചാരത്തോടെ കാത്തുസൂക്ഷിക്കപ്പെടേണ്ട
തുണ്ട്.
















