ന്യൂദല്‍ഹി: ചെങ്കോട്ട മെട്രോസ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ പത്തംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെ സംഘത്തെ നയിക്കും. ഒരു ഐജിയും രണ്ട് ഡിഐജിമാരും മൂന്ന് എസ്പിമാരും മൂന്ന് ഡിഎസ്പിമാരുമാണ് സംഘത്തിലുള്ളത്. വിജയ് സാഖറെ ഇന്നലെ ഐബി മേധാവി തപന്‍ ദേകയുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ചയാണ് കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎക്ക് കൈമാറിയത്.
ജമ്മുകശ്മീര്‍, ദല്‍ഹി, ഹരിയാന പോലീസുകള്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍ഐഎ പ്രത്യേക സംഘത്തിന് കൈമാറി. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനകം ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെ 2900 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ തിങ്കളാഴ്ച വൈകീട്ട് 6.52നാണ് സ്ഫോടനമുണ്ടായത്.
















