തിരുവനന്തപുരം:കോവളത്ത് കടലിനടിയില്‍ കപ്പലിലെ കണ്ടെയ്‌നറിന്റെ ഒരു ഭാഗം കണ്ടെത്തി. കഴിഞ്ഞ മേയ് 25 ന് മുങ്ങിയ എം എസ് സി എല്‍സ 3 കപ്പലിലെ കണ്ടെയിനറിന്റെ ഭാഗമാണെന്നാണ് നിഗമനം.ഈ കപ്പല്‍ മുങ്ങിയതിന് ശേഷം ഒഴുകി നടന്ന കണ്ടെയ്‌നറുകള്‍ വിവിധ തീരങ്ങളില്‍ അടിഞ്ഞിരുന്നു.എന്നാല്‍ കണ്ടെയ്നറിന്റെ ഭാഗം കടലിനടിയില്‍ നിന്നും കണ്ടെത്തുന്നത് ആദ്യമായാണ്.കോവളം അശോക ബീച്ചിന് സമീപം കടലില്‍ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികള്‍ നല്‍കിയ സൂചന പ്രകാരം രണ്ട് ദിവസമായി നടന്ന് വന്ന തിരച്ചിലിലാണ് കണ്ടെയ്നര്‍ ഭാഗം കണ്ടെത്തിയത്.
കടലിന് അടിയില്‍ പാറപ്പാരുകള്‍ക്ക് ഇടയിലായി മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു കണ്ടെയ്നര്‍ ഭാഗം കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫ്രണ്ട്‌സ് ഓഫ് മറൈന്‍ ലൈഫ്, കൊച്ചിയിലെ സ്‌കൂബ ഡൈവേഴ്‌സ് എന്നിവര്‍ സംയുകതമായാണ് തിരച്ചില്‍ നടത്തിയത്. കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ മുങ്ങിയ എം എസ് സി എല്‍സ 3 ല്‍ അറുനൂറില്‍ പരം കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.
















