ന്യൂദല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിജയ് സാക്കറെയ്‌ക്ക് പുറമേ ഒരു ഐജി, രണ്ട് ഡിഐജിമാർ,മൂന്ന് എസ്‌പിമാർ, ഡിഎസ്‌പിമാർ എന്നിവരടങ്ങുന്നതാണ് ടീം. ദല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യും.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീർ, ദല്‍ഹി പോലീസില്‍ നിന്ന് എന്‍ഐഎ കേസിന്റെ രേഖകള്‍ ഏറ്റെടുത്തു. പ്രാഥമിക പരിശോധനയില്‍ ദല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമല്ലെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍ ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാക്കും.
ഡോ. ഉമർ നബി അടങ്ങുന്ന സംഘത്തിന് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദുമായുള്ള ബന്ധവും തെളിഞ്ഞിട്ടുണ്ട്. സ്‌ഫോടന സമയത്തെ കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. സ്ഫോടനം നടന്നയുടൻ സിഗ്നലിലെ ക്യാമറ പ്രവർത്തനരഹിതമായി. സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിലും ഡോ. ഉമർ നബി ഇവിടെ വന്നിരുന്നു എന്ന് തെളിഞ്ഞു. ഈ ദിവസങ്ങളിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച വിവിധ ദൃശ്യങ്ങളിൽ സ്‌ഫോടനത്തിനുപയോഗിച്ച കാറിന്റെ സാന്നിദ്ധ്യം ഉണ്ട്.
ഫരീദാബാദിലും ദൽഹിയിലും വലിയ ആക്രമണത്തിനാണ് വൈറ്റ്‌കോളർ ഭീകരസംഘം പദ്ധതിയിട്ടത്. 3200 കിലോ സ്‌ഫോടക വസ്‌തുക്കളാണ് ഭീകരർക്ക് ലഭിച്ചത്. ഇതുവരെ 2900 കിലോ സ്‌ഫോടക വസ്‌തുക്കളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്‌റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.
















