എ. അഞ്ജന
ഭാരതീയ ചലച്ചിത്ര കലയ്‌ക്ക് വേറിട്ട രൂപഭാവങ്ങള്‍ പകര്‍ന്ന ബംഗാളി സംവിധായകനാണ് ഋതിക് ഘട്ടക്. ഇന്നത്തെ ബംഗ്ലാദേശിലെ ധാഖയില്‍ 1925 നവംബര്‍ നാലിന് ജനിച്ചു. പിതാവ് സുരേന്ദ്രചന്ദ്ര ഘട്ടക്ക് കവിയും നാടകകൃത്തുമായിരുന്നു. വിഭജനത്തോടെ കുടുംബം കൊല്‍ക്കത്തയില്‍ താമസമാക്കി.
കഥകളും നാടകങ്ങളും രചിച്ച് ശ്രദ്ധ നേടിയ ഘട്ടക്ക് തനിക്ക് പറയാനുള്ളത് ശക്തമായി പ്രകടിപ്പിക്കാന്‍ പറ്റിയ മാധ്യമം എന്ന നിലയിലാണ് സിനിമയെ തിരഞ്ഞെടുത്തത്. ബിമല്‍ റോയിയുടെ സഹായിയായി ചലച്ചിത്ര രംഗത്തെത്തി.
1952ല്‍ ‘നാഗരിക്’ ആദ്യമായി സംവിധാനം ചെയ്തു. എന്നാല്‍, ഏതോ ദുര്‍വിധിയെന്നോണം സംവിധായകന്‍ വിടചൊല്ലിയതിന്റെ അടുത്തവര്‍ഷം മാത്രമാണ് 1977ല്‍ ചിത്രം പുറത്തിറങ്ങിയത്. ഇതേ ദുര്‍വിധി ഘട്ടക്കിന്റെ ഇതര സിനിമകളെയും വ്യക്തിജീവിതത്തെയും വേട്ടയാടിക്കൊണ്ടിരുന്നു.
അജാന്തിക്, ബാരി ദേഖേ പാലിയേ, കോമല്‍ ഗാന്ധാര്‍, സുബര്‍ണ രേഖ തുടങ്ങിയവയാണ് മറ്റ് സിനിമകള്‍. ഒട്ടേറെ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. എന്നാല്‍ പലതും ഒരിക്കലും പൂര്‍ത്തിയായില്ല. മറ്റു ചിലത് കാലം തെറ്റി പുറത്തുവന്നു.
സത്യജിത് റായ്, മൃണാള്‍ സെന്‍ തുടങ്ങിയവര്‍ക്ക് സമശീര്‍ഷനായിരുന്നുവെങ്കിലും ജീവിതകാലത്ത് ഘട്ടക്ക് അവഗണിക്കപ്പെട്ടു. നിരൂപക ശ്രദ്ധയും അദ്ദേഹത്തിന്റെ നേര്‍ക്ക് എത്തിയില്ല. 1976 ഫെബ്രുവരി ആറിന് അമ്പതാം വയസ്സില്‍ ആ ജീവിതം അവസാനിച്ചു. മരണശേഷം മാത്രം ചലച്ചിത്രലോകം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയെ ഗൗനിച്ചു തുടങ്ങി.
വെട്ടി മുറിക്കപ്പെട്ടതും ദരിദ്രമായതും തകര്‍ന്നടിയുന്നതുമായ ബംഗാളിനെയാണ് ഘട്ടക്ക് തന്റെ ചിത്രങ്ങളില്‍ അവതരിപ്പിച്ചത്. ഭാരതത്തിന്റെ വിഭജനവും അതിന്റെ മുറിപ്പാടുകളും ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹെത്ത ജീവിതകാലമത്രയും നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദീര്‍ഘകാലം അധ്യാപകനായി പ്രവര്‍ത്തിച്ച ഘട്ടക്ക് വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. ഒട്ടേറെ യുവ പ്രതിഭകള്‍ക്ക് ശിക്ഷണം നല്‍കി. കുമാര്‍ സാഹ്നി, മണി കൗള്‍, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ പ്രിയപ്പെട്ട ശിഷ്യന്മാരായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, സയ്യിദ് മിര്‍സ തുടങ്ങിയവരും ആ ശിഷ്യവലയത്തില്‍പ്പെടുന്നു.
ബിമല്‍ റോയ് സംവിധാനം ചെയ്ത ഹിന്ദി ചലച്ചിത്രമായ മധുമതി (1958) ക്ക് കഥ-തിരക്കഥ രചിച്ചത് ഘട്ടക്കാണ്. ദിലീപ് കുമാറും വൈജയന്തി മാലയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു. മുസഫിര്‍, രാജകന്യ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ രചിച്ചു. ഏതാനും സിനിമകളിലും അഭിനയിച്ചു. ചലച്ചിത്ര സംബന്ധിയായി രചിച്ച കൃതിയാണ് ‘സിനിമ ആന്‍ഡ് ഐ’. 1970ല്‍ പദ്മശ്രീ ലഭിച്ചു.











