തിരുവനന്തപുരം: സി പി എം പട്ടിക കൂടി പുറത്തു വന്നതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോരാട്ട ചിത്രം തെളിഞ്ഞു. മൂന്ന് ഏരിയ സെക്രട്ടറിമാരടക്കം ജില്ലാ കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ രംഗത്തിറക്കിയാണ് സി പി എം മത്സര രംഗത്തിറങ്ങിയിട്ടുളളത്.
വഞ്ചിയൂരില്‍ മത്സരിക്കുന്ന വഞ്ചിയൂര്‍ ബാബു, ചാക്കയില്‍ പോരിനിറങ്ങുന്ന ശ്രീകുമാര്‍, പുന്നയ്‌ക്കാമുഗളിലെ സ്ഥാനാര്‍ഥി ശിവജി ആര്‍ പി എന്നിവര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിമാരാണ്.പേട്ടയില്‍ മത്സരിക്കുന്ന എസ് പി ദീപക് ജില്ലാ കമ്മിറ്റി അംഗമാണ്.നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ മത്സരത്തിനില്ല എന്നതാണ് സി പി എം പട്ടികയിലെ ശ്രദ്ധേയമായ ഒരു കാര്യം.
സ്ഥാനാര്‍ഥി പ്രഖ്യാപന വേദിയിലും ആര്യാ രാജാന്ദ്രന്‍ ഉണ്ടായിരുന്നില്ല. മേയര്‍ കോഴിക്കോട് ആയതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കാത്തത് എന്നാണ് ജില്ലാ സെക്രട്ടറി വി ജോയ് എം എല്‍ എ അറിയിച്ചത്.
















