കോതമംഗലം : നെല്ലിക്കുഴിയില്‍ ഹോസ്റ്റല്‍ മുറിയില്‍ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍.ഒന്നാംവര്‍ഷ ബിബിഎ വിദ്യാര്‍ഥിനി, ഇടുക്കി മാങ്കുളം സ്വദേശിയായ നന്ദന ഹരിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയില്ല എന്ന് പൊലീസ് പറഞ്ഞെങ്കിലും സമഗ്ര അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെയും കോളേജ് അധികൃതരുടെയും ആവശ്യം.
ഞായറാഴ്ച രാവിലെ 8.30ഓടുകൂടിയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആര്‍ട്സ് & സയന്‍സ് കോളജിന്റെ ഹോസ്റ്റല്‍ മുറിയില്‍ നന്ദന ഹരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ് പെണ്‍കുട്ടി. അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലില്‍ എത്തിയ സഹപാഠിയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നന്ദനയെ ആദ്യം കാണുന്നത്. കോളേജ് അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.
നന്ദന രാത്രി ഉറങ്ങുന്നതിനു മുമ്പ് വരെ ഫോണ്‍ വിളിക്കുന്നത് കണ്ടതായി ഹോസ്റ്റല്‍ മെട്രന്‍ പറഞ്ഞിരുന്നെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.മരിക്കുന്നതിനുമുമ്പ് നന്ദന ഇന്‍സ്റ്റഗ്രാം ഐഡിയിലെ മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
















