2022 ഏ്രപില്‍ മാസത്തില്‍ തൃശ്ശിവപേരൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍, സ്വാമി മൃഡാനന്ദജിയുടെഓര്‍മയ്‌ക്കായി പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ആധ്യാത്മികസമ്മേളനത്തില്‍, മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തിയത് കോഴിക്കോട് കൊളത്തൂര്‍ ആശ്രമത്തിലെ ശ്രീമദ് ചിദാനന്ദപുരി സ്വാമികളായിരുന്നു. അവിടെ ഒരു പുരസ്‌കാരദാനത്തിന് എന്നെയും ക്ഷണിച്ചിരുന്നു. ശ്രീമദ് ചിദാനന്ദപുരി സ്വാമികളുടെയായിരുന്നു അനുഗ്രഹ പ്രഭാഷണം. ഇടവേളകളില്‍ സ്വാമിജിയുമായി ആശയവിനിമയത്തിനിടയ്‌ക്ക്, സ്വാമിജിയുടെ ആശ്രമപരിസരത്തു താമസിക്കുന്ന പഴയസംഘപ്രചാരകനായ വാസുദേവനെപ്പറ്റി ഞാന്‍ അന്വേഷിച്ചു. വാസുവേട്ടന്‍ ആശ്രമത്തിലെ അന്തേവാസിയെപ്പോലെയാണ് എന്നു സ്വാമിജി പറഞ്ഞു. എല്ലാവരും വാസുവേട്ടന്‍ എന്നാണ് വിളിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. എനിക്കു ആറു പതിറ്റാണ്ടുകാലത്തെ അടുപ്പം അദ്ദേഹവുമായുണ്ട് എന്നറിയിച്ചപ്പോള്‍, സ്വാമിജിക്കു സന്തോഷമായി. ആശ്രമത്തിലെ എല്ലാ കാര്യങ്ങള്‍ക്കും അദ്ദേഹം മുന്നിലുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. വാസുവേട്ടന്‍ കഴിഞ്ഞ ദിവസം അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ഈ രംഗം ഓര്‍മയില്‍ വന്നു.
1958 ല്‍ സംഘപ്രചാരകനെന്ന നിലയ്‌ക്ക് ജില്ലാ പ്രചാരകനായിരുന്ന വി.പി. ജനാര്‍ദ്ദനനുമൊത്ത് പേരാമ്പ്രയില്‍ പോയപ്പോഴാണ് വാസുദേവനെ പരിചയപ്പെട്ടത്. അവിടത്തെ സംഘപ്രവര്‍ത്തനത്തില്‍ ഏറെ സജീവമായിരുന്നു അദ്ദേഹം. രാത്രിയിലെ ബൈഠക്കില്‍ അദ്ദേഹം അല്‍പം വൈകിയാണെത്തിയത്.വി.പി. ജനേട്ടന്‍ അതിനു ശാസിച്ചു. ഏതാണ്ട് നാലു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തെ പണികഴിഞ്ഞ്,കൂത്താളിയില്‍ ആയിടെ ആരംഭിച്ച ശാഖ കഴിഞ്ഞ് നടന്നുവേണ്ടിയിരുന്നു വരാന്‍. ഈര്‍ച്ചപ്പണിയുടെ കാഠിന്യം പറയേണ്ടതില്ലല്ലോ. ക്ഷീണമൊട്ടും പ്രകടിപ്പിക്കാതെ തന്റെ റിപ്പോര്‍ട്ട് പറഞ്ഞു. പിന്നീട് അവിടെ പോയപ്പോഴെല്ലാം അദ്ദേഹം കൃത്യമായി പങ്കെടുത്തിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പ്രചാരകനായി. വിവാഹിതനായശേഷം പ്രചാരകനായ ഒരാളെപ്പറ്റി അന്നേ അറിയുന്നുള്ളൂ. അദ്ദേഹത്തിന്റെ കുടുംബ സംബന്ധമായ കാര്യങ്ങള്‍ ക്രമേണ മനസ്സിലാക്കി. അതു സുഖകരമായിരുന്നില്ല എന്നുമാത്രം.
അവരുടെ മൂലകുടുംബം ഏറനാട്ടിലായിരുന്നുവത്രേ. സാമൂതിരി രാജാവിന്റെ പടനായകന്മാരില്‍പ്പെട്ടവരായിരുന്നു പൂര്‍വ്വികര്‍. മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ശാസ്ത്രിയുമായി അടുപ്പത്തില്‍ വന്നു. സംഘശാഖയിലും പോയിത്തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, കോഴിക്കോട്ടെ സംഘശാഖയില്‍നിന്ന് സംഘത്തിന്റെ പരിശീലനം ലഭിച്ചു. പുതിയ സ്ഥലങ്ങളില്‍ സംഘപ്രവര്‍ത്തനത്തെ സഹായിക്കാന്‍ പോയിത്തുടങ്ങി. അങ്ങിനെയാണ് പേരാമ്പ്രയിലെത്തിയതും അവിടത്തുകാരനായി അറിയപ്പെട്ടതും, സംഘത്തിന്റെ മൂന്നുവര്‍ഷത്തെ പരിശീലനവും നേടി. പ്രചാരകനായി വന്നു. തിരൂരിലായിരുന്നു ആദ്യത്തെ നിയോഗമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അന്നവിടം പൊന്നാനി താലൂക്കിലായിരുന്നു. പില്‍ക്കാലത്ത് തിരൂര്‍ താലൂക്കായി. തിരൂര്‍, മംഗലം, പരപ്പനങ്ങാടി, താനൂര്‍ മുതലായി ഒട്ടേറെ ശാഖകള്‍ അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ ആരംഭിച്ചു. തിരൂരിലെ പഴയ സ്വയംസേവകര്‍ക്ക് വാസുവേട്ടന്‍ സുഖകരമായ ഓര്‍മയാണ്. പിന്നീട് പാലക്കാട് ജില്ലയുടെ ഭാഗമായ പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം മുതലായ സ്ഥലങ്ങളുടെ ചുമതല ലഭിച്ചു. പാലക്കാട് ജില്ലാപ്രചാരകരായിരുന്ന ഹരിയേട്ടനും ഭാസ്‌കര്‍ജിയുമൊക്കെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ചു.
പ്രസിദ്ധമായ അങ്ങാടിപ്പുറം തൡക്ഷേത്രം പുനര്‍നിര്‍മിച്ചതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തിസ്രോതസ്സ് മറ്റാരുമായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് സന്നദ്ധഭടന്മാരെ തയ്യാറാക്കി സത്യഗ്രഹത്തിനയക്കുക, വള്ളുവനാട് താലൂക്കിലെ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് ഇടതടവില്ലാത്ത ജനപ്രവാഹം അവിടെ നിരന്തരം സഞ്ചയിച്ചതില്‍ വാസുദേവന്റെ പരിശ്രമം പ്രധാന പ്രേരണയായി. ആ പ്രയത്‌നത്തിനിടെ ആയിരക്കണക്കിന് ഹിന്ദു യുവജനങ്ങള്‍ മുന്നോട്ടുവന്നു. താലൂക്കിന്റെ എല്ലാ ഭാഗങ്ങളിലും ശാഖകളും ആരംഭിച്ചു. സംഘട്ടനങ്ങളും മരണങ്ങളും കുറവായിരുന്നില്ല. അതിലെ പല പ്രതികളും ശിക്ഷിക്കപ്പെട്ടു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. അതിലൊരാള്‍ക്ക് വധശിക്ഷയായിരുന്നു വിധിക്കപ്പെട്ടത്. ജയിലിലെ സ്വഭാവമേന്മകൊണ്ട്, അവര്‍ക്ക് അധികൃതരുടെ സന്മനസ് നേടാനാവുകയും വധശിക്ഷ ഒഴിവാക്കപ്പെടുകയും ചെയ്തു.
എലിമെന്ററി വിദ്യാഭ്യാസമേ വാസുദേവന് ഔപചാരികമായി ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സ്വപ്രയത്‌നംകൊണ്ട് നേടിയ വിജ്ഞാനം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ജന്മഭൂമിയുടെ ആലോചന നടക്കുന്നകാലത്ത്, ഹൈന്ദവ പ്രസ്ഥാനങ്ങളോട് താല്‍പര്യമുളള പ്രമുഖരെ സന്ദര്‍ശിച്ച് സഹായം തേടാനായി എനിക്കു പലയിടങ്ങളിലും പോകേണ്ടിവന്നിട്ടുണ്ട്. കടമ്പഴിപ്പുറത്തിനടുത്തൊരു ഗ്രാമത്തില്‍ പോയ സമയത്ത്, ദൗത്യം ഭാഗികമായി വിജയിച്ചു. പിന്നീട് അടുത്ത് സംഘശാഖയുണ്ടോ എന്നന്വേഷിച്ചു. അപ്പോള്‍ ശാഖയില്‍ അന്ന് സാംഘിക്കാണ് ജില്ലാ പ്രചാരകന്‍വാസുവേട്ടന്‍ വരുന്നുണ്ട് എന്നു മനസ്സിലായി ശാഖയില്‍ പങ്കെടുത്തു. എന്നെ പരിചപ്പെടുത്തിയശേഷം അദ്ദേഹം സ്വയംസേവകരോടു സംസാരിച്ചു. ആ ബൗദ്ധിക് എന്നെ അത്ഭുതപ്പെടുത്തി. പണ്ഡിതോചിതമായിരുന്നു അത്. എലിമെന്ററി വിദ്യാഭ്യാസം മാത്രം ലഭിച്ച ഒരാള്‍ക്ക്, സംഘത്തിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ എത്ര ഭംഗിയായി, ഏതു കാര്യത്തെയും വിശദീകരിക്കാന്‍ കഴിയുമെന്നതിനു തെളിവായിരുന്നു പ്രഭാഷണം.
പ്രചാരക വിദ്യാഭ്യാസം സംഘത്തില്‍ നടക്കുമല്ലൊ. അടിയന്തരാവസ്ഥയിലെ സംഘര്‍ഷനിര്‍ഭരമായ സംഭവങ്ങള്‍ക്കുശേഷമാണ് ജന്മഭൂമിയുടെ നിയോഗത്തില്‍ ഞാന്‍ മുഴുകിയത്. എറണാകുളം നോര്‍ത്തില്‍ ജന്മഭൂമി പിച്ചവെച്ചു തുടങ്ങിയിരു
ന്നു. അതിന്റെ ബദ്ധപ്പാടുകളില്‍പ്പെട്ടു മറ്റൊരു വിഷയത്തെയും ചിന്തിക്കാനില്ലാതെ ഒരു ദിവസം നോര്‍ത്തിലെ ഓഫീസിലിരിക്കുമ്പോള്‍ വാസുദേവന്‍ വരുന്നു. അദ്ദേഹത്തിന് വിശ്വഹിന്ദുപരിഷത്തിന്റെ ചുമതല ലഭിച്ചുവെന്ന് വെളിപ്പെടുത്തി.
വാസുദേവന്റെ ദാമ്പത്യത്തില്‍ ഒരാണ്‍കുട്ടിയുണ്ടായി. അയാള്‍ പേരാമ്പ്രയില്‍ അമ്മൂമ്മയുടെ കൂടെ താമസിച്ചു വിദ്യാഭ്യാസം തുടങ്ങി. സ്‌കൂള്‍ ഫൈനല്‍ ഒന്നാം ക്ലാസില്‍ പാസായിനില്‍ക്കുന്ന കാലത്ത് ജന്മഭൂമിയുടെ പ്രാരംഭത്തിന് ഓഹരി ചേര്‍ക്കാന്‍ ഞാന്‍ പേരാമ്പ്രയില്‍ പോയിരുന്നു. അവിടത്തെ ഒരു പഴയ സ്വയംസേവകന്‍ പരിചയപ്പെടുത്തി. തുടര്‍പഠനം അനിശ്ചിതമാണെന്ന് മനസ്സിലായി. എറണാകുളത്തു വന്നപ്പോള്‍ ഭാസ്‌കര്‍റാവുവിനെ വിവരമറിയിച്ചു. അദ്ദേഹം വിവരം നേരത്തെ അറിഞ്ഞിരുന്നു. എറണാകുളത്ത് കാര്യാലയത്തില്‍ താമസിച്ച് തുടര്‍പഠനത്തിന് അദ്ദേഹം വ്യവസ്ഥ ചെയ്തു. മാധവജിയുടെ താല്‍പര്യപ്രകാരം രണ്ടാം ഭാഷ സംസ്‌കൃതമെടുത്തു. ഡിഗ്രിയെടുത്തു കഴിഞ്ഞപ്പോള്‍ ജന്മഭൂമിയില്‍ ചേര്‍ന്നു. രണ്ടുവര്‍ഷം മുന്‍പ് പിരിയുന്നതുവരെ ജന്മഭൂമിയുടെ ഭാഗമായിരുന്നു മോഹന്‍ദാസ്. മനോഹരവും ശക്തവുമായ ഭാഷാശൈലിയുടെ ഉടമസ്ഥനും ഭാവനാ സമ്പന്നനായ കവിയുമാണദ്ദേഹം. വി.എം. കൊറാത്തിനെപ്പോലുള്ള കൃതഹസ്തരായ പത്രാധിപന്മാരുടെ ശിക്ഷണത്തില്‍ ആ രംഗത്ത് മികവുകാട്ടി. പാഞ്ചജന്യ വാരിക ഏര്‍പ്പെടുത്തിയ യുവപത്രപ്രവര്‍ത്തകര്‍ക്കുള്ള ദേശീയ പുരസ്‌കാരം ദല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയും പാഞ്ചജന്യയുടെ പത്രാധിപരുമായിരുന്ന വാജ്‌പേയിയില്‍നിന്ന് സ്വീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ശ്രീമദ് ചിദാനന്ദപുരി സ്വാമികള്‍ക്കുപോലും വാസുവേട്ടനായിരുന്ന പി. വാസുദേവന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍, മോഹന്‍ദാസിനെ ഫോണില്‍ വിളിച്ച് സംവേദനമറിയിക്കാന്‍ സാധിച്ചു. സഹസ്രാവധി സംഘബന്ധുക്കളുടെ മനസ്സില്‍ ആ ധന്യസാന്നിധ്യം നിലനില്‍ക്കുകതന്നെ ചെയ്യും.
















