തിരുവനന്തപുരം: കാവാലം നാരായണപ്പണിക്കരുടെ പ്രസിദ്ധനാടകം ‘അവനവൻ കടമ്പ’ യുടെ 50 ആം വാർഷികാഘോഷം ഗംഭീരമായി നടന്നു. നാടകം നടക്കുന്ന കുട്ടനാട്ടിലെ കാവാലത്തിനടുത്തെ വാലടിക്കാവിലെ ഉത്സവാന്തരീക്ഷം പുനസൃഷ്ടിച്ചായിരുന്നു ആഘോഷം. തിരുവനന്തപുരം വെള്ളയമ്പലത്തെ വിസ്മയ മാക്സ് കാമ്പസിൽ നടന്ന ആഘോഷ പരിപാടി കാവാലം സംസ്കൃതി, കാവാലം സ്കൂൾ ഓഫ് മ്യൂസിക്, വിസ്മയ മാക്സ്, ലിറ്റററി ആൻഡ് കൾചറൽ സ്റ്റഡി സെൻ്റർ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു.

കാവാലം സംസ്കൃതിയുടെ ഈ വർഷത്തെ കാവാലം പുരസ്കാരം പടയണിയാചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ളയ്‌ക്ക് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. അവനവൻ കടമ്പ 50 ആം വാർഷികാഘോഷ സ്മരണിക നെടുമുടി വേണുവിന്റെ ഭാര്യ സുശീലാ വേണുവിനും ആദ്യം അവനവൻ കടമ്പ അവതരിപ്പിച്ചപ്പോൾ അഭിനയിച്ച രണ്ട് നടികൾക്കും നൽകി കാവാലം സംസ്കൃതി ചെയർമാൻ പി.നാരായണക്കുറുപ്പ് പ്രകാശനം ചെയ്തു.
കവിതയും നോവലും യാത്രാവിവരണങ്ങളും ഉണ്ടാകുന്നെങ്കിലും നാടകങ്ങൾ രചിക്കപ്പെടുന്നില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. അതു വരെ പരിചിതമായിരുന്ന നാടക രീതികളിൽ നിന്ന് വ്യത്യസ്തമായി നാടകം അവതരിപ്പിച്ചതാണ് കാവാലത്തിന്റെ പ്രത്യേകതയെന്നു പറഞ്ഞ അടൂർ, കാവാലം നാടകങ്ങളുടെ ആദ്യ അവതരണം കാണാൻ പോയ അനുഭവങ്ങൾ പങ്കുവെച്ചു.

കണക്കിന്റെ താളത്തെ കവിതയാക്കി ജനകീയമാക്കിയ കാവാലത്തിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചത് അഭിമാനമാണെന്ന് പ്രൊഫ.കടമ്മനിട്ട വസുദേവൻ പിള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു. കാവാലം സ്കൂൾ ഓഫ് മ്യൂസിക് ചെയർമാൻ വെട്ടുവേലി ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സെൻ്റർ ഫോർ കൾചറൽ സ്റ്റഡീസ് ചെയർമാൻ പ്രദീപ് പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. പി.നാരായണക്കുറുപ്പ്, കെ. കലാധരൻ, ഡോ.ജയകൃഷ്ണൻ, എസ്.രാധാകൃഷ്ണൻ, കാവാലം ശശികുമാർ ആശംസയർപ്പിച്ചു. കാവാലം സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ കാവാലം സജീവ്, സ്വാഗതവും പ്രോഗ്രാം കൺവീനർ കൃഷ്ണ ബാലകൃഷ്ണ നന്ദിയും പറഞ്ഞു.

കാവാലത്തെക്കുറിച്ചും അവനവൻ കടമ്പയെക്കുറിച്ചും എസ്.രാധാകൃഷ്ണൻ തയ്യാറാക്കിയ ഡോക്യുമെൻ്ററി പ്രദർശനം, പെരിങ്ങോട് ചന്ദ്രനും സംഘവും അവതരിപ്പിച്ച ലയ സംഗമം വാദ്യമേളം, ഗിരീഷ് സോപാനം നയിച്ച അവനവൻ കടമ്പയുടെ ഹ്രസ്വരൂപ അവതരണം, അനിൽ പഴവീടും സതീഷ് തുരുത്തിയും അവതരിപ്പിച്ച കാവാലം ഗാനങ്ങളുടെ ആവിഷ്കാരം, ആർ.എൽ.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടം, മോഹിനി വിജയൻ അവതരിപ്പിച്ച കാവാലത്തിന്റെ ഏകാങ്കനാടകം ഒറ്റമുലച്ചി എന്നിവ ആഘോഷത്തിന്റെ ഭാഗമായി. കാവാലം സ്കൂൾ ഓഫ് മ്യൂസിക്കിലെ പഠിതാക്കളുടെ ഗാനാവതരണുണ്ടായിരുന്നു. മൂന്നു വയസ്സുകാർ മുതൽ 80 വയസ്സുകാർ വരെ പാടി.

അവനവൻ കടമ്പയുടെ പശ്ചാത്തലമായ വാലടിക്കാവിലെ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചാണ് വിസ്മയ കാമ്പസിനെ വിദ്യാർത്ഥികൾ വേദിയാക്കിയത്.


















