ഭാരതത്തിന്റെ ഭക്ഷ്യ-കാര്‍ഷിക പാരമ്പര്യങ്ങളില്‍ അവിഭാജ്യ ഘടകമായി വര്‍ത്തിക്കുന്നവയാണ് പയര്‍വര്‍ഗങ്ങള്‍. പൗരന്മാര്‍ക്ക് പോഷകാഹാര സുരക്ഷയും ദശലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഉപജീവന മാര്‍ഗവും ഇത് ഉറപ്പാക്കുന്നു. ആരോഗ്യകരവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ ഭക്ഷണത്തിന്റെ സമ്പന്നമായ ഉറവിടമാണ് പയര്‍വര്‍ഗങ്ങള്‍.
2030-31 ഓടെ പയര്‍ വര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി 11,440 കോടി രൂപ വകയിരുത്തിക്കൊണ്ട് 2025 ഒക്ടോബര്‍ 11 ന് പ്രധാനമന്ത്രി ‘പയര്‍ വര്‍ഗ ഉത്പാദനത്തില്‍ ആത്മനിര്‍ഭരത ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്’ (പയര്‍ വര്‍ഗ സ്വയം പര്യാപ്തതാ ദൗത്യം) തുടക്കം കുറിച്ചു. ‘പയര്‍വര്‍ഗങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിലൂടെയും, പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിലൂടെയും വരും തലമുറകളെ ശാക്തീകരിക്കുക എന്നതാണ്’ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഉയര്‍ന്ന വിളവ് നല്‍കുന്ന വിത്തുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും പയര്‍വര്‍ഗ്ഗങ്ങളുടെ സ്ഥായിയായ വിതരണം ഉറപ്പാക്കുന്നതിലൂടെ പോഷക സുരക്ഷ കൈവരിക്കുന്നതിലും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പയര്‍ വര്‍ഗങ്ങളുടെ ഉത്പാദനം നേരിടുന്ന വെല്ലുവിളികള്‍
2014-2016 വിള വര്‍ഷങ്ങളില്‍ ഭാരതത്തിലെ പയര്‍വര്‍ഗ്ഗ ഉത്പാദനത്തില്‍ കുറവ് രേഖപ്പെടുത്തി. ഈ അടിയന്തിര സാഹചര്യത്തിന് പരിഹാരമെന്ന നിലയില്‍, ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഭാരത സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചു. ഇത്തരത്തിലുള്ള നിരന്തര പരിശ്രമങ്ങളുടെ ഫലമായി പയര്‍വര്‍ഗ ഉത്പാദനത്തില്‍ വര്‍ധന സാധ്യമായി.
ആഭ്യന്തര പയര്‍ വര്‍ഗ ഉത്പാദനത്തില്‍ സ്ഥിരമായ വര്‍ധനവ് പ്രകടമാണെങ്കിലും, പയര്‍വര്‍ഗങ്ങളുടെ ഉപഭോഗം വിതരണത്തെ അധികരിച്ചു തന്നെ തുടരുകയാണ്. ഇത് കാലാകാലങ്ങളില്‍ പയര്‍ വര്‍ഗങ്ങളുടെ ഇറക്കുമതി അനിവാര്യമാക്കുന്നു. ഏറെക്കാലമായി വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്ന ഈ വിടവ് നികത്താന്‍ പയര്‍വര്‍ഗ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനാണ് ശ്രമം. മഴയെ ആശ്രയിച്ചു വളരുന്ന പയര്‍ വര്‍ഗങ്ങളെ ക്രമരഹിതമായ മഴയും വരള്‍ച്ചയും ദോഷകരമായി ബാധിക്കുന്നു. കാലാവസ്ഥാ അനിശ്ചിതത്വങ്ങള്‍ക്ക് പുറമേ, കീടങ്ങളുടെയും രോഗങ്ങളുടെയും ഭീഷണിയും വര്‍ധിക്കുന്നു. മെച്ചപ്പെട്ട വിത്തിനങ്ങളുടെ പരിമിതമായ ലഭ്യത പയര്‍ വര്‍ഗങ്ങളുടെ കുറഞ്ഞ ഉത്പാദനക്ഷമതയ്‌ക്കുള്ള പ്രത്യക്ഷ കാരണമാണ്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ കാര്‍ഷിക സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യാനുള്ള ശേഷി ‘പയര്‍വര്‍ഗ സ്വയംപര്യാപ്തതാ ദൗത്യത്തിന്’ ഉണ്ട്. കര്‍ഷകര്‍ക്ക് പയര്‍വര്‍ഗങ്ങളുടെ കൃഷി കൂടുതല്‍ ആശ്രയിക്കാവുന്നതും ലാഭകരവുമാക്കിത്തീര്‍ക്കുന്നതിനൊപ്പം, രാജ്യത്തിന് സുസ്ഥിരവും പ്രോട്ടീന്‍ സമ്പുഷ്ടവുമായ ഭക്ഷ്യ സ്രോതസ്സ് ഉറപ്പാക്കാനും ദൗത്യം സഹായകമാകും.
സ്വയംപര്യാപ്തതയുടെ വിത്തുകള്‍
വിത്തുകള്‍ മുതല്‍ വിപണി വരെ, ആത്യന്തികമായി ഉത്പാദനം, ഉത്പാദനക്ഷമത, കര്‍ഷക വരുമാനം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ സമീപനം സ്വീകരിച്ചുകൊണ്ട് ‘പയര്‍വര്‍ഗ ഉത്പാദനത്തിലെ ആത്മനിര്‍ഭരതാ ദൗത്യം’ പരിമിതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. ഫലപ്രദമായ നിര്‍വ്വഹണവും വിപുലീകരണവും ഉറപ്പാക്കുന്നതിനായി കര്‍ഷക ഉത്പാദന സംഘടനകളുടെയും (എഫ്പിഒ) സഹകരണ സ്ഥാപനങ്ങളുടെയും വര്‍ധിത പങ്കാളിത്തത്തോടെയുള്ള ക്ലസ്റ്റര്‍ അധിഷ്ഠിത തന്ത്രമാണ് ദൗത്യം പിന്തുടരുന്നത്. ലക്ഷ്യവേധിയായ ഇടപെടലുകള്‍ മുഖേന വിള വിസ്തൃതിയും സാധ്യതയും അടിസ്ഥാനമാക്കി വിള നിര്‍ദ്ദിഷ്ട ക്ലസ്റ്ററുകള്‍ വികസിപ്പിക്കും.
കഇഅഞ, ഇഏകഅഞ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉയര്‍ന്ന വിളവ് നല്‍കുന്ന, കാലാവസ്ഥാ വ്യതിയാനത്തെയും ചൂടിനെയും പ്രതിരോധിക്കുന്ന വിത്തുകള്‍ ദൗത്യം മുഖേന വികസിപ്പിക്കും. കാര്യക്ഷമമായ വിത്ത് മൂല്യ ശൃംഖലയിലൂടെ ഉയര്‍ന്ന വിളവ് നല്‍കുന്ന വൈവിധ്യമാര്‍ന്ന പയര്‍വര്‍ഗങ്ങളുടെ ഉത്പാദനവും വിതരണവും വര്‍ദ്ധിപ്പിക്കുന്നതിലും ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള ബ്രീഡര്‍, ഫൗണ്ടേഷന്‍, സര്‍ട്ടിഫൈഡ് വിത്തുകള്‍ എന്നിവ ഉറപ്പാക്കും. കഇഅഞ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെവികെ), സംസ്ഥാന കൃഷി വകുപ്പുകള്‍ എന്നിവയുടെ വിള പ്രദര്‍ശനങ്ങള്‍ മുഖേന മികച്ച കാര്‍ഷിക രീതികള്‍ കര്‍ഷകരെ പരിചയപ്പെടുത്തും. മഴക്കാല കൃഷിഭൂമികളായ നെല്‍കൃഷി നിലങ്ങളിലേക്ക് വേനല്‍ക്കാലത്ത് പയര്‍വര്‍ഗ കൃഷി വ്യാപിപ്പിക്കാനുള്ള സാധ്യത, വിള വൈവിധ്യവത്ക്കരണം, ഇടവിള കൃഷി എന്നിവ പയര്‍വര്‍ഗ കൃഷിക്ക് കൂടുതല്‍ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.
വലിയ മുന്നേറ്റം
വിളവെടുപ്പാനന്തര നഷ്ടം കുറയ്‌ക്കുന്നതിനും കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനും രാജ്യത്തുടനീളം 1000 സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കും. രജിസ്റ്റര്‍ ചെയ്തതും തത്പരരുമായ എല്ലാ കര്‍ഷകരില്‍ നിന്ന് അടുത്ത നാല് വര്‍ഷത്തേക്ക് കുറഞ്ഞ താങ്ങുവില നല്‍കി (എംഎസ്പി) തുവര, ഉഴുന്ന്, പരിപ്പ് എന്നിവയുടെ സംഭരണ സൗകര്യം ഉറപ്പാക്കും. ഇത് കര്‍ഷകരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വില സ്ഥിരതയും സ്ഥിരവരുമാനവും ഉറപ്പാക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരമൊരു നീക്കം പയര്‍വര്‍ഗ കൃഷിയില്‍ വിപ്ലവകരമായ ഗുണഫലങ്ങള്‍ സൃഷ്ടിക്കും. കൂടുതല്‍ കര്‍ഷകരെ പയര്‍ വര്‍ഗ കൃഷി ഏറ്റെടുക്കാനും കാര്‍ഷിക വിസ്തൃതി വര്‍ദ്ധിപ്പിക്കാനും പ്രോത്സാഹിപ്പിക്കും. ഉയര്‍ന്ന ഉത്പാദനവും ന്യായമായ വരുമാനവും ഉറപ്പാക്കുന്നതിലൂടെ, പയര്‍ കര്‍ഷകരില്‍ ആത്മവിശ്വാസം വളര്‍ത്താനും രാജ്യത്തിന്റെ പ്രോട്ടീന്‍ അടിത്തറ ശക്തിപ്പെടുത്താനും ദൗത്യം സഹായകമാകും.
2030-31 ആകുമ്പോഴേക്കും, പയര്‍വര്‍ഗങ്ങളുടെ കാര്‍ഷിക വിസ്തൃതി 2023-24 ലെ 275 ലക്ഷം ഹെക്ടറില്‍ നിന്ന് 310 ലക്ഷം ഹെക്ടറായി വിപുലീകരിക്കാനും, ആകെ ഉത്പാദനം 242 ലക്ഷം ടണ്ണില്‍ നിന്ന് 350 ലക്ഷം ടണ്ണായി ഉയര്‍ത്താനും, വിളവ്, 881 കിലോഗ്രാം/ഹെക്ടറില്‍ നിന്ന് 1130 കിലോഗ്രാം/ഹെക്ടറായി വര്‍ദ്ധിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. ഏകദേശം രണ്ട് കോടി കര്‍ഷകര്‍ക്ക് ഈ ദൗത്യത്തില്‍ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉത്പാദന ലക്ഷ്യങ്ങള്‍ക്കപ്പുറം, പയര്‍വര്‍ഗങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി സുസ്ഥിരവും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ കൃഷി രീതികളിലേക്കുള്ള പരിവര്‍ത്തനമാണ് ദൗത്യം വിഭാവനം ചെയ്യുന്നത്. ഇത് ജലം സംരക്ഷിക്കുകയും, നൈട്രജന്‍ നിലനിര്‍ത്തുന്നതിലൂടെ മണ്ണിന്റെ ആരോഗ്യം സമ്പുഷ്ടമാക്കുകയും, രാസവളങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ചെയ്യും.
കൃഷിയിടങ്ങള്‍, വയലേലകള്‍, ഭാവിലക്ഷ്യങ്ങള്‍
സൂക്ഷ്മ ജലസേചനം, യന്ത്രവത്കരണം, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക വായ്‌പ തുടങ്ങിയ നിലവിലുള്ള പദ്ധതികളുമായി ദൗത്യത്തെ ബന്ധിപ്പിക്കുന്നതിലൂടെ, ദീര്‍ഘകാല സുസ്ഥിരതയ്‌ക്കായി സഹകരണവും സമന്വയവും സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്‌കരണം, പാക്കേജിങ്, പയര്‍വര്‍ഗ മൂല്യ ശൃംഖലയുടെയും സമഗ്രമായ നവീകരണം എന്നിവ ഈ കാര്‍ഷിക ആവാസ വ്യവസ്ഥയെ കൂടുതല്‍ മുന്നേറാന്‍ സഹായിക്കും.













