മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ജനുവരി 30നകം വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി നിര്‍ദേശിച്ചു.കുറ്റിപ്പുറം ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ മാതാപിതാക്കളടക്കം പത്തു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. കടുത്ത നിബന്ധനകളോടെ ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ബന്ധുക്കളുടെ നടപടി നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
പ്രായപൂര്‍ത്തിയാകും വരെ ആറു മാസത്തിലൊരിക്കല്‍ ബാലികയെ വീട്ടിലത്തി വിദ്യാഭ്യാസം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥന് കോടതി നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഒക്ടോബര്‍ 11നാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ ശ്രമിച്ചത്. തനിക്ക് വിവാഹത്തിന് ഇഷ്ടമില്ലെന്നും പഠനം തുടരാനാണ് താല്‍പര്യമെന്നും ബാലിക കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
















