കൊച്ചി : കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ ഇനി വാഴ്‌ത്തപ്പെട്ടവള്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്‌ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു.
എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലായ് 18 വാഴ്‌ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുനാളായി സഭ ഇനി മുതല്‍ ആചരിക്കും.അന്തരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്‌ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെട്ടത്.
മദര്‍ ഏലീശ്വയുടെ മധ്യസ്ഥതയില്‍ സംഭവിച്ച അത്ഭുതം മാര്‍പാപ്പ അംഗീകരിച്ച ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികള്‍ തിരുസംഘം പൂര്‍ത്തിയാക്കിയത്. പ്രഖ്യാപനത്തില്‍ മാര്‍പാപ്പ ഒപ്പുവച്ചതോടെ മദര്‍ ഏലീശ്വയെ വാഴ്‌ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി.
ധന്യ മദര്‍ ഏലീശ്വയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തിയത് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ്. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.
1866 ഫെബ്രുവരി 13ന് കൂനമ്മാവില്‍ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിച്ച മദര്‍ ഏലീശ്വ കേരളസഭയില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സ്‌കൂളും ബോര്‍ഡിംഗും അനാഥമന്ദിരവും ആരംഭിച്ച് സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. പിന്നീട് 1890 ല്‍ രണ്ട് സന്യാസിനി സഭകള്‍ക്കും രൂപം നല്‍കി. 1913 ജൂലായ് മാസം 18 നാണ് മദര്‍ ഏലിശ്വ അന്തരിച്ചത്.
















