മുംബൈ: അനില്‍ അംബാനിക്ക് മേല്‍ നിയമക്കുരുക്ക് മുറുകുന്നു. റിലയന്‍സ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 3,084 കോടിയിലധികം വിലമതിക്കുന്ന 40-ല്‍ പരം സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ദല്‍ഹി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
അനില്‍ അംബാനിയുടെ കമ്പനികളായ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡ് , റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ബാങ്കില്‍ നിന്നും വായ്‌പയെടുത്ത തുകയും പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച പണം വകമാറ്റുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് ഇപ്പോഴത്തെ നടപടി.
അംബാനിയുടെ പാലി ഹില്ലിലെ വസതിയും പ്രധാന നഗരങ്ങളിലെ മറ്റ് നിരവധി ആസ്തികളും കണ്ടുകെട്ടിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 5(1) വകുപ്പ് പ്രകാരമാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചത്.
















