കോട്ടയം: ആഭിചാരക്രിയയുടെ പേരില്‍ യുവതിയെ മണിക്കൂറുകളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. മണര്‍കാട് ആണ് സംഭവം. ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റിലായി.
പത്തനംതിട്ട സ്വദേശി ശിവന്‍, തിരുവഞ്ചൂര്‍ സ്വദേശി അഖില്‍ദാസ്, ഇയാളുടെ പിതാവ് ദാസ് എന്നിരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രണ്ടാം തീയതിയാണ് ആഭിചാരക്രിയകളുടെ പേരില്‍ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത്.
യുവതി മണര്‍കാട് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. അപ്പോഴാണ് ആത്മാക്കള്‍ യുവതിയുടെ ശരീരത്തില്‍ കയറിയിട്ടുണ്ടെന്ന് ഭര്‍തൃമാതാവ് പറഞ്ഞ് മന്ത്രവാദിയെ കൂട്ടിക്കൊണ്ടുവന്നത്.
രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണി വരെ നീണ്ട ആഭിചാരക്രിയയ്‌ക്കിടെ ക്രൂര പീഡനങ്ങളാണ് യുവതിയ്‌ക്ക് ഏല്‍ക്കേണ്ടി വന്നത്. ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാതെ യുവതി പൊലീസിനെ സമീപിച്ചു. ഭര്‍തൃ മാതാവ് അടക്കം മറ്റു പ്രതികള്‍ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
















