കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 13 വരെ നീട്ടിയെന്ന് ജില്ലാകളക്ടര്‍ പറഞ്ഞു.
പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ നൂറുമീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.
ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിന് വിലക്കുണ്ട്. ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്താന്‍ പാടില്ല.
അതേസമയം മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചിട്ടുണ്ട്.ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തല്‍ കെട്ടിയാണ് സമരം.
















