കോതമംഗലം: സംസ്ഥാനം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ എറണാകുളം ജില്ലയില്‍ താമസിക്കാന്‍ വീടോ, ശുചിമുറിയോ, വൈദ്യുതിയോ ഒന്നുമില്ലാതെ അറുപതോളം വനവാസി കുടുംബങ്ങള്‍. കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്‍തണ്ണിക്ക് സമീപം പന്തപ്ര വനവാസി സെറ്റില്‍മെന്റിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അറുപതോളം കുടുംബങ്ങള്‍ നരകിച്ച് ജീവിക്കുന്നത്.
ഉള്‍ക്കാട് വിട്ട് പന്തപ്ര സെറ്റില്‍മെന്റിലേക്ക് വന്നാല്‍ വീടും ഭൂമിയും നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചാണ് 2023 ജൂണില്‍ ഇടമലയാര്‍ വനമേഖലയിലെ വാരിയം ഉറിയംപെട്ടി വനവാസി ഊരുകളില്‍ നിന്നും 60 കുടുംബങ്ങള്‍ കുടിയിറങ്ങിയത്. മുന്‍പ് താമസിച്ചിരുന്ന ഊരുകളില്‍ സ്വന്തം ഭൂമിയുണ്ടായിരുന്ന ഇവര്‍ വനംവകുപ്പിനേയും സര്‍ക്കാരിനേയും വിശ്വസിച്ചാണ് വീടും കൃഷിയും സ്വത്തുകളുമെല്ലാം ഉപേക്ഷിച്ച് പന്തപ്രയിലേക്ക് വന്നത്. എന്നാല്‍ വ്യാജ വാഗ്ദാനങ്ങള്‍ അല്ലാതെ ഇവര്‍ക്ക് നാളിതുവരെ മറ്റൊന്നും ലഭിച്ചില്ല.
സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ഇപ്പോള്‍ സന്നദ്ധ സംഘടനകളുടേയും സര്‍ക്കാരിതര സംഘടനകളുടേയും സഹായം സ്വീകരിക്കാന്‍ കഴിയുന്നില്ല. പന്തപ്ര വനവാസി സെറ്റില്‍മെന്റ് വനംവകുപ്പിന്റെ അധീനതയിലാണ്. അതുകൊണ്ടു തന്നെ ഈ പ്രദേശത്ത് വനംവകുപ്പിന്റെ അനുമതി ഇല്ലാതെ ശുചിമുറി പോലും നിര്‍മിക്കാന്‍ കഴിയുന്നില്ല. ഇതോടെ ഇവര്‍ കാടുകളിലാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്. രാത്രികാലങ്ങളില്‍ പുറത്തേക്കിറങ്ങാന്‍ പോലുംപറ്റാത്ത അവസ്ഥയില്‍ ജീവിതം ദുരിതമാണ്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായപ്പോള്‍ വനവാസികള്‍ പ്രതീക്ഷയറ്റാണ് മുന്നോട്ടുപോകുന്നത്.
















